ഇടറോഡുകളില്‍ കുരുക്ക് മുറുകുന്നു
മയ്യില്‍: അറ്റകുറ്റപ്പണിയുടെ ഭാഗമായി വളപട്ടണം പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇടറോഡുകളില്‍ കുരുക്ക് രൂക്ഷമാവുന്നു. മുന്നൊരുക്കങ്ങളില്ലാതെ വാഹനങ്ങള്‍ കടത്തിവിട്ടതോടെ മിക്കയിടത്തും ചെറിയ അപകടങ്ങളും ഗതാഗത തടസവും പതിവായിരിക്കുകയാണ്. രണ്ട് വാഹനങ്ങള്‍ കഷ്ടിച്ചു കടന്നു പോകാവുന്ന റോഡുകളിലൂടെയാണ് കണ്ടെയ്‌നറുകളും ടാങ്കര്‍ ലോറികളും കടന്നു പോവുന്നത്. ഇതോടെ മിക്കയിടങ്ങളിലും ടെലഫോണ്‍-വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പുതിയതെരു-കാട്ടാമ്പള്ളി-കമ്പില്‍-പറശ്ശിനി റൂട്ടുകളിലാണ് സ്ഥിതി കൂടുതല്‍ വഷളാവുന്നത്. യാതൊരു മുന്‍കരുതലും സ്വീകരിക്കാതെ ഇതുവഴി വാഹനം കടത്തിവിടാന്‍ തീരുമാനിച്ചതിനാലാണ് ഗതാഗത തടസം ഇത്ര രൂക്ഷമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ദേശീയപാതയിലൂടെ പോകുന്ന ഉയരം കൂടിയ വാഹനങ്ങള്‍ ചെറിയ പാതയിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
വളപട്ടണം പാലത്തില്‍ ഗതാഗത നിയന്ത്രണത്തിന് ഗോവയിലെ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചപ്പോള്‍ ഭാരവാഹനങ്ങള്‍ കൂടുതലായി കടന്നുപോകുന്ന റൂട്ടുകളെ അധികൃതര്‍ അവഗണിക്കുകയായിരുന്നു. ഉയരമുള്ള വാഹനത്തില്‍ തട്ടി വൈദുതി കമ്പികള്‍ പൊട്ടി വീണതിനെ തുടര്‍ന്ന് നാറാത്തും കമ്പിലും ഇന്നലെ രാവിലെ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. വൈദ്യുതി ലൈന്‍ ശരിയാക്കിയതിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."