സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട...
ഇന്റര്‍നെറ്റിന്റെ അതിവിശാല ലോകത്താണ് സമൂഹത്തിന്റെ ഇന്നത്തെ ഇടപെടല്‍. ജീവിതായുസിന്റെ 75 ശതമാനവും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നവര്‍, പക്ഷെ അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും തീര്‍ത്തും ബോധവാന്‍മാരല്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്റര്‍നെറ്റിന്റെ വിശാലമായ വാതായനങ്ങള്‍ തുറക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ചതിക്കുഴികളില്‍പ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുന്നതെന്നാണ് സംസ്ഥാനത്തെ സൈബര്‍ സെല്ലുകള്‍ അന്വേഷിക്കുന്ന കേസുകളുടെ എണ്ണത്തിലെ പെരുപ്പം കാണിക്കുന്നത്. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഓണ്‍ലൈന്‍ വ്യാപാരത്തിലും ബേങ്ക് ഇടപാടിലും വലിയ കള്ളത്തരത്തിന്റെ വല നെയ്തു കാത്തിരിക്കുന്ന അദൃശ്യനായ കവര്‍ച്ചക്കാര്‍ ഓണ്‍ലൈനിന്റെ അങ്ങേയറ്റത്തുണ്ടെന്ന് ഇന്റര്‍നെറ്റിന്റെ മായിക ലോകത്തില്‍ ജീവിക്കുന്നവരെ ഓര്‍മിപ്പിക്കുകയാണ് 'വടക്കന്‍കാറ്റ് '....
'ശരീരം വില്‍പ്പനക്കു വച്ച പെണ്‍കുട്ടികളുടെ പിതാവ് '
അവധി ദിനത്തില്‍ രാവിലെ ഫേസ്ബുക്കില്‍ പതിവുപോലെ മുഖം പൂഴ്ത്തിയതാണ് ആ മനുഷ്യന്‍. ലൈക്കുകളും കമന്റുകളുമായി സൗഹൃദം പങ്കിടുമ്പോഴാണ് അപ്രതീക്ഷിതമായി രണ്ടുപെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. തങ്ങളെ ഏതുരീതിയിലും ഉപയോഗിക്കാമെന്ന് പറഞ്ഞ് സ്വയം ശരീരം വില്‍പ്പനക്കുവച്ച പെണ്‍കുട്ടികളുടെ വിശദവിവരങ്ങള്‍ കണ്ട് ആ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഞെട്ടി. തന്റെ രണ്ടുപെണ്‍മക്കളുടെ ഫോട്ടോയാണിത്. പലരാലും ഷെയര്‍ ചെയ്യപ്പെട്ട് തന്റെ മുഖപുസ്തകത്തില്‍ വന്നു കിടക്കുന്ന വിവാഹപ്രായമെത്തിയ പെണ്‍മക്കളുടെ ഫോട്ടോ കണ്ട് ആ പിതാവിന്റെ ഹൃദയം നുറുങ്ങി. വാത്സല്യ നിധിയായ ആ പിതാവ് മക്കളെയോ സഹധര്‍മിണിയെയോ വിവിരം അറിയിക്കാതെ കാസര്‍കോട് ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കി. ഗൗരവം ബോധ്യപ്പെട്ട പൊലിസ് മേധാവി കാസര്‍കോട് സൈബര്‍സെല്ലിനു അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിക്കാന്‍ ഉത്തരവു നല്‍കി.
സൈബര്‍ സെല്ലിന്റെ വിശദമായ അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെ., പെണ്‍കുട്ടികളുടെ ഒരു ബന്ധുവിന്റെ വിവാഹത്തിനെടുത്ത ഫോട്ടോകളുടെ ആല്‍ബത്തില്‍ നിന്നും പടം സംഘടിപ്പിച്ച് നല്ല നിലയില്‍ ജീവിക്കുന്ന കുടുംബത്തെ അപമാനിക്കാനാണ് ഒരാള്‍ ശരീരം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടികളുടെ തന്നെ വ്യാജ പ്രൊഫൈലില്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്. കല്ല്യാണ ഫോട്ടോയെടുക്കാന്‍ ഏല്‍പ്പിച്ച ഫോട്ടോഗ്രാഫറാണ് പെണ്‍കുട്ടികളുടെ പടങ്ങള്‍ പ്രതിക്കു നല്‍കിയത്. അതുകൊണ്ടുതന്നെ സ്വകാര്യ ചടങ്ങുകളിലും മറ്റും ഫോട്ടോയും വീഡിയോയയും മറ്റും എടുക്കാന്‍ ഏല്‍പ്പിക്കുന്നത് ഏറ്റവും അടുത്തറിയാവുന്നവരെ മാത്രമായിരിക്കണം. സ്വകാര്യ നിമിഷങ്ങളിലെ നമ്മുടെ അശ്രദ്ധക്കു വലിയ വില നല്‍കേണ്ടി വരുമെന്നും ഓര്‍മിക്കുക.
ഉന്നത ഉദ്യോഗസ്ഥരുടെ കള്ളന്‍മാരായ മക്കള്‍
മഞ്ചേശ്വരത്തെ ഒരു വിദ്യാര്‍ഥി തന്റെ കൈയിലുണ്ടായിരുന്ന കാമറ വില്‍ക്കാനായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞിട്ടും കച്ചവടം നടക്കാത്തതിനാല്‍ വിശ്വാസ്യതയ്ക്കായി തന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും വില്‍പ്പനക്കുവച്ച കാമറയുടെ ഫോട്ടോയ്‌ക്കൊപ്പം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാമറ വിറ്റുപോയില്ലെങ്കിലും തന്നെ തിരഞ്ഞ് കര്‍ണാടക പൊലിസ് വന്നപ്പോഴാണ് തന്റെ പേരില്‍ വലിയ ഇന്റര്‍നെറ്റ് തട്ടിപ്പ് നടന്നതായി വിദ്യാര്‍ഥി അറിയുന്നത്. വിദ്യാര്‍ഥി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായി മൂന്നംഗ വിദ്യാര്‍ഥി സംഘം വന്‍ തട്ടിപ്പ് നടത്തുകയായിരുന്നു.
തട്ടിപ്പിനിരയായ വിദ്യാര്‍ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അപൂര്‍വങ്ങളായ വസ്തുക്കള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഈ സംഘം അവരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി സാധനങ്ങള്‍ക്കായി വന്‍തുക അഡ്വാന്‍സ് വാങ്ങുകയായിരുന്നു. പണം അഡ്വാന്‍സ് നല്‍കിയിട്ടും സാധനം ലഭിക്കാതെ വന്നതോടെയാണ് പരാതികള്‍ ഉയര്‍ന്നത്. കര്‍ണാടക പൊലിസ് കാസര്‍കോട് സൈബര്‍ സെല്ലിനു നേരിട്ടു നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥി നിരപരാധിയാണെന്നും പിന്നില്‍ തട്ടിപ്പു സംഘമാണെന്നും മനസിലായത്. തട്ടിപ്പു സംഘത്തെ പൊലിസ് പിടികൂടിയപ്പോഴാണ് ഇവര്‍ തിരുവനനന്തപുരത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളാണെന്ന് മനസിലായത്.
പാതിരാത്രിയിലെ മൊബൈലില്‍ ഒരു
നിലവിളി.., തിരിച്ചു വിളിച്ചാല്‍ പണം പോകും!
പാതിരാത്രിയില്‍ നല്ല ഉറക്കത്തിനിടയിലായിരിക്കും മൊബൈല്‍ ഫോണ്‍ ചിലക്കുക. ഫോണെടുത്താല്‍ കേള്‍ക്കുക നെഞ്ചുപൊട്ടുന്ന ഒരു നിലവിളി.
നിലവിളി കേട്ട ആധിയില്‍ തിരിച്ചു വിളിച്ചാല്‍ സെക്കന്റിനു നഷ്ടപ്പെടുക മൊബൈല്‍ ഫോണിലെ വലിയ തുകയും വിലപ്പെട്ട രേഖകളും. ഇത്തരത്തില്‍ നിരവധി രീതിയിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ലക്കി വിന്നില്‍ ലോട്ടറിയടിച്ചെന്നു പറഞ്ഞ് ലോകത്തിന്റെ ഏതോ കോണിലിരിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിപ്പിച്ചും, നടക്കുന്നത് നിരവധി തട്ടിപ്പുകള്‍. ഓണ്‍ലൈന്‍ കച്ചവടത്തില്‍ ആഭരണങ്ങള്‍ക്കും മൊബൈല്‍ ഫോണിനുമൊക്കെ ഓര്‍ഡര്‍ നല്‍കിയാല്‍ ലഭിക്കുന്നത് ഇഷ്ടിക കഷണം. ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്. തങ്ങളുടെ മെയിലുകളിലേക്ക് വരുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്കു ചെയ്താല്‍ തങ്ങളുടെ കംപ്യൂട്ടറുകളിലെയും ഫേസ്ബുക്ക് അക്കൗണ്ടുകളിലെയും വിവരങ്ങള്‍ ചോര്‍ന്നു പോവുന്ന പുതിയ തട്ടിപ്പുകളും ഇപ്പോള്‍ അരങ്ങേറുന്നുണ്ട്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകളില്‍ പബ്ലിക്ക് ഷെയര്‍ ചെയ്യരുത്.
തിരിച്ചറിയല്‍ കാര്‍ഡ് രേഖകള്‍ സമൂഹമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്യരുത്.
ഇ മെയിലില്‍ വരുന്ന അജ്ഞാത ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യരുത്.
ഓണലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ ബാങ്കുകളില്‍ നിന്നും വിളിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒരിക്കലും അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുത്.
(ബാങ്കില്‍ നിന്നും ഒരി ക്കലും വിവരങ്ങള്‍ ചോദിച്ചു ഒരിക്കലും വിളിക്കില്ല)
ലോട്ടറിയും സമ്മാനങ്ങളും ലഭിച്ചുവെന്നു പറഞ്ഞുള്ള സന്ദേശങ്ങള്‍ തീര്‍ത്തും വ്യാജമാണ്.
ജോലി ഒഴിവു സംബന്ധിച്ചും ജോലിക്ക് പണം ആവശ്യപ്പെട്ടും വരുന്ന സന്ദേശങ്ങള്‍ പൂര്‍ണമായും വ്യാജമാണ്.
കംപ്യൂട്ടറുകളില്‍ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതു പോലെ സര്‍വര്‍ സെക്യൂരിറ്റിയും നിര്‍ബന്ധമാണ്.
ഇന്റര്‍നെറ്റ് കഫേകളിലും മറ്റും കയറി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും സൈന്‍ ഔട്ട് ചെയ്യണം.
വീടുകളില്‍ കംപ്യൂട്ടറും ഇന്റര്‍ നെറ്റും കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വീട്ടിലെ എല്ലാവരും കാണത്തക്ക രീതിയില്‍ കംപ്യൂട്ടര്‍ വെക്കണം.
മൊബൈല്‍ ഫോണും മറ്റും വാങ്ങുന്നവര്‍ അപ്പോള്‍ തന്നെ ഐ.എം.ഇ നമ്പര്‍ എവിടെയെങ്കിലും എഴുതി വെക്കേണ്ടതാണ്.
ഐ.എം.ഇ നമ്പര്‍ ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാന്‍ എളുപ്പമാണ്. ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈലിന്റെ ഐ.എം.ഇ നമ്പര്‍
അറി യില്ലെങ്കില്‍ സ്റ്റാര്‍, ആഷ് 06 ആഷ് എന്ന നമ്പര്‍ മൊബൈലില്‍ ഡയല്‍ ചെയ്താല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."