ഓണ്‍ലൈനില്‍ ഷോപ്പിങ് ദീപാവലി
ഒരിടവേളയ്ക്കുശേഷം ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍കിടയിലെ ഡിസ്‌കൗണ്ട് യുദ്ധം തിരികെ വന്നു. തുടര്‍ച്ചയായ രണ്ട് മാസം വില്പന കുറഞ്ഞ ക്ഷീണത്തില്‍ നിന്ന് കരകയറാനാണ് കൂടുതല്‍ പരസ്യ പ്രചാരണവുമായി കളം പിടിക്കാനൊരുങ്ങുന്നത്. പുതിയതും വലുതുമായ ദീപവാലി ഓഫറുകളാണ് ഓണ്‍ലൈന്‍ വ്യാപാര വമ്പന്മാര്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വിലക്കുറവുമുണ്ട്. 20 മുതല്‍ 80 ശതമാനം വരെ ഓഫറുകളാണ് വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനികള്‍ നല്‍കുന്നത്. ഗൃഹോപകരണങ്ങള്‍, ഇലകട്രോണിക്‌സ് ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടാണ് വിവിധ ഷോപ്പിങ്ങ് സൈറ്റുകള്‍ ഒരുക്കുന്നത്.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ദീപാവലി സെയില്‍
ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നീളുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിലൂടെ നിലവിലെ ഉപഭോക്താക്കള്‍ക്കൊപ്പം പുതിയ ഉപഭോക്താക്കളെ നേടാനും കൂടിയാണ് ആമസോണ്‍ ലക്ഷ്യം വയ്ക്കുന്നത്. വന്‍ ഓഫറുകള്‍ക്ക് പുറമെ ആമസോണ്‍ ആപ്പിലൂടെയുള്ള ഇടപാടുകള്‍ക്ക് എച്ച്ഡിഎഫ്‌സി കാര്‍ഡിന്മേല്‍ 15 ശതമാനം അധിക കാഷ്ബാക്ക് ഓഫറും വെബ്‌സൈറ്റിലൂടെയുള്ള ഇടപാടുകള്‍ക്ക് 10 ശതമാനം കാഷ്ബാക്ക് ഓഫറുമാണ് ആമസോണ്‍ നല്‍കുക. ജ്യൂവലറി ഓഫറായി 15 ശതമാനം കിഴിവും ടെലിവിഷന്‍ നിന്ന് 40 ശതമാനം വരെ കിഴിവും ഗൃഹോപകരണങ്ങളില്‍ നിന്നും ഫാഷന്‍ നിന്നും 50 ശതമാനം വരെ കിഴിവുമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടിന് സമാനമായി വിഷ് ആന്റ് വിന്‍ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് സ്‌കിയോഡ 4K UHD LED ടിവി നേടാനും ആമസോണ്‍ അവസരമൊരുക്കുന്നുണ്ട്. കര്‍ട്ടന്‍ റെയ്‌സര്‍ ഡീല്‍ പോലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികളും ആമസോണ്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്
ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്ല്യണ്‍ ഡേയ്‌സ്
ആദ്യ രണ്ട് വര്‍ഷത്തെ വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാന്‍ ബിഗ് ബില്ല്യണ്‍ ഡെയ്‌സുമായാണ് ഇത്തവണയും ഫ്‌ളിപ്പ്കാര്‍ട്ട് മത്സര രംഗത്തുള്ളത്. ഒക്ടോബര്‍ 2 മുതല്‍ 6 വരെയുള്ള കാലയളവില്‍ ഓഫറുകളുടെ പെരുമഴയാണ് ഉത്പ്പന്നങ്ങള്‍ക്കായി ബിഗ് ബില്ല്യണ്‍ ഡെയ്‌സിന്റെ കീഴില്‍ ഫല്‍പ്പ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. കൂടാതെ എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്‍മേല്‍ പത്ത് ശതമാനം അധിക കിഴിവും ഉപഭോക്താക്കള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുമെന്നത് ശ്രദ്ധേയമാണ്. ബിഗ് ബില്ല്യണ്‍ ഡെയ്‌സിന്റെ ആദ്യ ദിനം ഫാഷന്‍, ഹോം ഡെക്കോര്‍, ടെലിവിഷന്‍, വീട്ടു ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നുമുള്ള ഓഫര്‍ നിരയാണ് ഉപഭോക്കാക്കള്‍ക്ക് ലഭിക്കുന്നതെങ്കില്‍ മൊബൈല്‍, മൊബൈല്‍ ആക്‌സസറീസ് നിന്നുമുള്ള ഓഫറുകളാണ് രണ്ടാം ദിനം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൂന്നാം ദിനം ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കായി മാത്രം ചെലവഴിക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ട നാലാം ദിനവും അഞ്ചാം ദിനവും ഓഫറുകളെ അവതരിപ്പിക്കും. കൂടാതെ, ' യുവര്‍ വിഷ്, അവര്‍ ഓഫര്‍ ' എന്നതിലൂടെ ഇഷ്ട ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരങ്ങളും കിഴിവും ലഭിക്കുന്നതാണ്.
സ്‌നാപ്ഡീലില്‍ അണ്‍ബോക്‌സ് സിന്ദഗി
ഒക്ടോബര്‍ 2 മുതല്‍ 6 വരെയാണ് സ്‌നാപ്ഡീല്‍ അണ്‍ബോക്‌സ് സെയിലിനെ കൊണ്ടാടുക. പുതിയ ടാഗ് ലൈനായ 'അണ്‍ബോക്‌സ് സിന്ദഗി' എന്നതിന് കീഴില്‍ ആഘോഷിക്കുന്ന ആദ്യ ദിപാവലി സീസണിനെ മികവുറ്റതാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌നാപ്ഡീല്‍. മണിക്കൂറുകളില്‍ വരുന്ന പുതു ഡീലുകളും 70 ശതമാനം വരെ നേടാവുന്ന കിഴിവുകളും സ്‌നാപ്ഡീല്‍ അണ്‍ബോക്‌സ് സെയിലിനെ ശ്രദ്ധേയമാക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. കൂടാതെ അടുത്തിടെ സ്‌നാപ്ഡീല്‍ അവതരിപ്പിച്ച ഗോള്‍ഡ് സര്‍വീസിലൂടെ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ തൊട്ടടുത്ത ദിവസം ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതും മത്സരത്തില്‍ സ്‌നാപ്ഡീലിന് പ്രഥമസ്ഥാനം നല്‍കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ആമസോണ്‍ വില്‍പ്പന ആദ്യ ദിവസം തന്നെ പൊടിപൊടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ പത്രക്കുറിപ്പ് അനുസരിച്ച് ആദ്യദിനം റെക്കോഡ് വില്‍പ്പന നടന്നതായാണ് അവകാശവാദം. 10 ലക്ഷം യൂണിറ്റുകളാണ് ആദ്യ ദിവസത്തെ വില്‍പ്പന. ആമസോണും ഫല്‍പ്കാര്‍ട്ടും മത്സരം പ്രഖ്യാപിച്ചതോടെ പ്രതിരോധത്തിലായത് സ്‌നാപ്ഡീല്‍ ആണ്. നിലവില്‍ ഇ-ടെയ്‌ലര്‍മാരുടെ മത്സരത്തില്‍ മൂന്നാം സ്ഥാനത്താണ് സ്‌നാപ്ഡീല്‍. മറ്റ് രണ്ട് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളെ അപേക്ഷിച്ച് സ്‌നാപ്ഡീലിന് പല അമളികളും പറ്റിയതാണ് സ്‌നാപഡീലില്‍ നിന്നും ആള്‍ക്കാര്‍ പിന്‍തിരിയാന്‍ കാരണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ മിക്ക പ്രമുഖ ഷോപ്പിങ് സൈറ്റുകളും ആപ്ലിക്കേഷനുകളും ജനത്തിരക്കു മൂലം അവതാളത്തിലായി. ഇക്കുറി അത്തരം ദുരന്തങ്ങളൊഴിവാക്കാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നു കമ്പനികള്‍ പറയുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണത്തെ സെയിലിലും സ്ഥിതി വ്യത്യസ്തമല്ല. ഓപ്പോ, സാംസങ് ഗാലക്‌സി ബ്രാന്‍ഡുകള്‍ വില്‍പ്പനയില്‍ മുന്നിലുണ്ട്. ഇതോടൊപ്പം ജിയോയുടെ പ്രീവ്യു ഓഫര്‍ കൂടിയായപ്പോള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഷോപ്പിങ് പൊടിപൊടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."