പ്രൈമറി ഹെല്‍ത്ത് സെന്ററിലെടെലിവിഷന് കാണാതായത് അന്വേഷിക്കണമെന്ന് പഞ്ചായത്തംഗം
തിരൂര്‍: തലക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ സൂക്ഷിച്ച എല്‍.സി.ഡി ടെലിവിഷന്‍ കാണാതായതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പഞ്ചായത്തംഗം പി.ടി ഷഫീക്ക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനത്തിലെ വീഴ്ചകളും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ തോന്നുംവിധമുള്ള പ്രവര്‍ത്തനവും ശ്രദ്ധയില്‍പ്പെടുത്തി ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ്, ജില്ലാമെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഷഫീഖ് വ്യക്തമാക്കി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയരാജിന്റെ ചുമതലയിലുണ്ടായിരുന്ന ടി.വി നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ട്. ഹെല്‍ത്ത്സെന്ററില്‍ മോഷ്ടാക്കള്‍ കയറിയിട്ടുണ്ടെങ്കില്‍ വേണ്ടത്ര സുരക്ഷയൊരുക്കാതെ ഹെല്ത്ത്സെന്റര് അലംഭാവത്തോടെ തുറന്ന് പ്രവര്‍ത്തിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉത്തരവാദിയാണെന്ന് പഞ്ചായത്തംഗം ആരോപിച്ചു. എന്നാല്‍ ഹെല്‍ത്ത് സെന്ററില്‍ മോഷ്ടാക്കള്‍ കയറിയതായി യാതൊരു ലക്ഷണവും കാണുന്നില്ലെന്നിരിക്കെ സംഭവത്തില്‍ അന്വേഷണം നടത്തണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും പഞ്ചായത്തംഗം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ച തന്നോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോശമായാണ് പെരുമാറിയത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് മേല്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയ്ക്കും പരാതി നല്കിയപ്പോള് തനിക്കെതിരേ തെറ്റായ കാര്യങ്ങളാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറുപടി നല്‍കിയതെന്നും പഞ്ചായത്തംഗം പി.ടി ഷഫീക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."