ജില്ലയിലെ ക്ഷേത്രങ്ങളൊരുങ്ങി
പാലക്കാട്: ജില്ലയിലെ ദേവീ ക്ഷേത്രങ്ങള്‍ നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി. വിവിധ ക്ഷേത്രങ്ങളില്‍ ദേവീ ഭാഗവത നവാഹ യജ്ഞങ്ങള്‍ക്കും തുടക്കമായി. അഗ്രഹാരങ്ങളില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബൊമ്മക്കൊലുവും ഒരുങ്ങി. ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍, വിവിധ കലാരൂപങ്ങള്‍, പ്രകൃതിയുമായി ബന്ധപ്പെട്ട രൂപങ്ങള്‍ എന്നിവയെല്ലാമാണ് പടികളിലായി അലങ്കരിച്ചിരിക്കുക. വൈകീട്ട് പൂജയും ഉണ്ടായിരിക്കും.
പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഞായറാഴ്ച വൈകിട്ട് ഹൈകോടതി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡി.വി. കൃഷ്ണപ്രസാദ് അധ്യക്ഷനായി.
പുതുക്കോട് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം ശനിയാഴ്ച കൊടിയേറി. രാത്രി എട്ടിന് തന്ത്രി കിഴക്കെ ചെറുമക്കുമന ജാതവേദന്‍ നമ്പൂതിരിപ്പാട് കൊടിയുയര്‍ത്തി. കിഴക്കെഗ്രാമം, വടക്കേ ഗ്രാമം, തെക്കെ ഗ്രാമം, പടിഞ്ഞാറെ ഗ്രാമം എന്നീ അഗ്രഹാരങ്ങളും അന്നപൂര്‍ണേശ്വരി പൂജ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും നടുവില്‍ മഠം ദേവസ്വവും ചേര്‍ന്നാണ് നവരാത്രി ഉത്സവം ആഘോഷിക്കുന്നത്.
വടക്കന്തറ തിരുപുരായ്ക്കല്‍ ഭഗവതിക്ഷേത്രം, പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രം, മണപ്പുള്ളി ഭഗവതി ക്ഷേത്രം, ഹനുമാന് ക്ഷേത്രം. ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം, തട്ടാത്തറ മാരിയമ്മന്‍ കോവില്‍ വടക്കന്തറ, യാക്കര വിശ്വേശ്വരക്ഷേത്രം, കൊപ്പം ലക്ഷ്മിനാരായണപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."