കുഴിക്കാട് ഗവ. വൊക്കേഷണല്‍ സ്കൂള്‍ ഇന്നു മുതല്‍ പുതിയ കേന്ദ്രത്തില്‍
കൊച്ചി: കഴിഞ്ഞ ആഴ്ച വാതകച്ചോര്‍ച്ചയില്‍ കുട്ടികള്‍ക്കുണ്ടായ പ്രയാസങ്ങളെത്തുടര്‍ന്ന് അടച്ചിട്ട കുഴിക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രവര്‍ത്തനം താത്കാലികമായി ഇന്നുമുതല്‍ വിവിധ ഇടങ്ങളില്‍ മാറ്റി പ്രവര്‍ത്തനം ആരംഭിക്കാന്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മൊത്തം 96 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ഇവരില്‍ ഒന്നുമുതല്‍ ഒമ്പതു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു കുഴിക്കാട് എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് ഹാളുകളില്‍ ക്ലാസ് മുറികള്‍ സജ്ജമാക്കും.
പത്താം ക്ലാസുകാര്‍ക്ക് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സില്‍ ഒരു മുറിയും 11, 12 വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് ഹാളിലും ക്ലാസ് മുറികള്‍ സജ്ജമാക്കും.
കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം സമീപത്തു തന്നെ തയാറാക്കാന്‍ കഴിയുമെന്ന് പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു.
മൂന്നാഴ്ചയ്ക്കുള്ളില്‍ മാതൃസ്കൂളിന്റെ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ കലക്ടര്‍ പൊതുമരാമത്തു വകുപ്പിനും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദേശം നല്കി.
ഓഫിസ് തത്കാലം സ്കൂളില്ത്തന്നെയായിരിക്കും. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ താത്കാലികമായി മാറ്റാമെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിനു കീഴില്‍ വരുന്നതാണ് കുഴിക്കാട് സ്കൂള്‍. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭാരവാഹികളും വകുപ്പു മേധാവികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."