ജേഴ്‌സിയില്ലാതെ ആതിഥേയര്‍, ഭക്ഷണ ചിലവ് കുട്ടികള്‍ വഹിക്കണം സാമ്പത്തിക പ്രതിസന്ധി നിറംകെടുത്തിയേക്കും
കൊല്ലം: ഫണ്ടിന്റെ അപര്യാപ്തത ഗെയിംസിന്റെ നിറംകെടുത്തിയേക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ആതിഥേയരായ കൊല്ലം ജില്ലാ ടീമിനു ജേഴ്‌സി വാങ്ങാന്‍ കൂടി കഴിഞ്ഞിട്ടില്ല.പല സ്‌പോണ്‍സര്‍മാരെ സമീപിച്ചെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നു സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ശ്രീകല കെ.എസ് പറഞ്ഞു.
ആകെ രണ്ടുലക്ഷം രൂപയാണ് മേളയുടെ നടത്തിപ്പിന് വകയിരുത്തിയിട്ടുള്ളത്. ലാല്‍ബഹാദൂര്‍ സ്‌റ്റേഡിയത്തിന് വാടകയിനത്തില്‍ത്തന്നെ ഒന്‍പതിനായിരം രൂപയോളം നല്‍കണം. മേളയില്‍ പങ്കെടുക്കുന്ന ഓരോകുട്ടിക്കും 150 രൂപയും നല്‍കേണ്ടിവരും. നടത്തിപ്പ് ചെലവ് രണ്ടുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നും മറ്റു ജില്ലകള്‍ ഏറ്റെടുക്കാന്‍ തയാറാകതെ വന്നതിനെ തുടര്‍ന്നാണ് മേള കൊല്ലത്ത് നടത്താന്‍ തീരുമാനിച്ചതെന്നും ശ്രീകല പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കു കൊല്ലം ക്രിസ്തുരാജ് സ്‌കൂളിലും പെണ്‍കുട്ടികള്‍ക്കു വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസിലുമാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കുട്ടികള്‍ക്കുള്ള ഭക്ഷണചെലവ് അവരവര്‍ തന്നെ വഹിക്കണം. കുട്ടികളോടൊപ്പം എത്തുന്ന രക്ഷിതാക്കള്‍ സ്വന്തം ചെലവില്‍ താമസസൗകര്യം കണ്ടെത്തണം. ജില്ലാകലക്ടറുടെ അധീനതിയിലുള്ള സ്‌റ്റേഡിയത്തില്‍ കോര്‍പ്പറേഷനു ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ഡെപ്യൂട്ടിമേയര്‍ വിജയാ ഫ്രാന്‍സിസ് പറഞ്ഞു. എന്നാല്‍ മേളക്ക് കുറഞ്ഞചെലവില്‍ ഭക്ഷണം ഒരുക്കാന്‍ കുടുംബശ്രീയുടെ സഹായം തേടും. മേളക്കെത്തുന്നവരില്‍ നിന്നും ഭക്ഷണത്തിനു അമിതവില ഈടാക്കുന്ന ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കുമെതിരെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടിയുണ്ടാകുമെന്നും ഡെ.മേയര്‍ പറഞ്ഞു.
ഇതിനിടെ സ്‌റ്റേഡിയത്തില്‍ പ്രാഥമികസൗകര്യവുമില്ലാത്തതു മേളക്കെത്തുന്ന കുട്ടികളെ ദുരിതത്തിലാക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആകെ ഒരു ടോയ്‌ലെറ്റ് മാത്രമാണ് ഇവിടെയുള്ളത്. ജലദൗര്‍ലഭ്യവും രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."