അപ്പ്രോച്ച് റോഡിന് ഫണ്ട് വകയിരുത്തണം തുര്‍ക്കിക്കാര്‍ക്കൊരു പാലമുണ്ട്; പക്ഷേ, പാലത്തിലെത്താന്‍ റോഡില്ല
കല്‍പ്പറ്റ: ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവില്‍ തുര്‍ക്കി പാലം നിര്‍മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. കോണിവച്ച് പാലത്തില്‍ കയറേണ്ട അവസ്ഥയാണ് നിലവില്‍. പാലവും റോഡും തമ്മില്‍ അത്രക്ക് ഉയര വ്യത്യാസമുണ്ട്. പാലത്തിന്റെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടിലാണെന്ന് പ്രദേശവാസികളും ആരോപിക്കുന്നു. കൈതക്കൊല്ലി, അഡ്‌ലൈഡ്, പടപുരം കോളനി, ഗവ. കോളജ് എന്നിവിടങ്ങളിലുള്ളവരുടെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുര്‍ക്കിപ്പാലത്തിന്റെ പണി തുടങ്ങിയത്. ഏറെക്കാലത്തിന് ശേഷം പണി പൂര്‍ത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിന്റെ കാര്യത്തില്‍ ജനപ്രതിനിധികളുടെ വാക്കും ഉറപ്പും ജനകീയതയുമെല്ലാം പാഴ്‌വാക്കാവുകയാണ്.
ഈ പ്രദേശങ്ങളിലുള്ളവര്‍ നിലവില്‍ മൂന്നര കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് കല്‍പ്പറ്റയിലെത്തുന്നത്. കഴിഞ്ഞ മാസം താല്‍ക്കാലിക പാലം തകര്‍ന്നു വീണിരുന്നു. ആളില്ലാത്തതിനാല്‍ വലിയ ദുരന്തമാണന്ന് ഒഴിവായത്. നിത്യേന നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാലമാണിത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുമ്പു പാലമായിരുന്നു ഇവിടെയുണ്ടായിരുന്നത്. തുരുമ്പെടുത്ത ഈ പാലം മാറ്റി പുതിയത് നിര്‍മിക്കണമെന്ന വര്‍ഷങ്ങളുടെ മുറവിളിക്ക് ശേഷമാണ് പുതിയതിന് ഫണ്ട് വകയിരുത്തിയത്. 2012 അവസാനമായിരുന്നു ഇത്. അപ്രോച്ച്‌റോഡ് ഉണ്ടാക്കിയെങ്കില്‍ മാത്രമേ ഈ പാലം ഉപയോഗിക്കാനാവൂവെങ്കിലും ഇത് സംബന്ധിച്ച് നഗരസഭക്കുള്‍പ്പടെ വ്യക്തമായ മറുപടി പോലുമില്ല.
ഇരുമ്പുപാലം പൊളിച്ചപ്പോള്‍ സമീപത്ത് നാട്ടുകാര്‍ നിര്‍മിച്ച താല്‍ക്കാലിക പാലത്തിലാണിന്നും യാത്ര. എത്രയും വേഗം പ്രധാനപാലം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയില്‍ പ്രാദേശികമായി ലഭിച്ച കവുങ്ങ് ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം. ഈ പാലത്തില്‍ നിന്നും സ്‌കൂള്‍ കുട്ടികള്‍ അടക്കം പുഴയിലേക്ക് വീണിരുന്നു. പാലം തകര്‍ന്ന് മധ്യവയസ്‌കന്‍ വെള്ളത്തില്‍ വീണ സംഭവവുമുണ്ടായി. ജില്ലയില്‍ തന്നെ പ്രാദേശികമായി നിര്‍മിക്കപ്പെട്ടവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതാണ് തുര്‍ക്കി പാലമെങ്കിലും ഇത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് പോലും ഉത്തരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."