കുമരനെല്ലൂര്‍ ഹോമിയോ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല: രോഗികള്‍ ദുരിതത്തില്‍
വടക്കാഞ്ചേരി: നഗരസഭയിലെ കുമരനെല്ലൂര്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡോക്ടര്‍മാതരില്ലാത്തതിനാല്‍ രോഗികള്‍ ദുരിതം പേറുന്നു. നിര്‍ധനരായ രോഗികളാണ് ആശുപത്രിയെ കൂടുതലും ആശ്രയിക്കുന്നത്. നിലവില്‍ ഉണ്ടായിരുന്ന ഡോക്ടറെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ട അധികൃതര്‍ മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടറെ ഡ്യൂട്ടിക്കെത്തിക്കാനോ പുതിയ ഡോക്ടറെ നിയമിക്കുന്നതിനോ ഹോമിയോ വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ജനങ്ങള്‍ ആരോപിച്ചു.
ഡോക്ടറുടെ അഭാവംമൂലം തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് മരുന്നുപോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. നിരവധി തവണ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. വയോധികരടക്കമുള്ളവര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെത്തി നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. പ്രതിസന്ധിക്കു പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, കുമരനെല്ലൂര്‍ ഹോമിയോ ആശുപത്രിയില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും നിലവിലെ ഡോക്ടറെ അകാരണമായി പിരിച്ചുവിട്ടുവെന്ന ആരോപണം ശരിയല്ലെന്നും ഹോമിയോ വകുപ്പ് ഡി.എം.ഒ ഡോ. സി.ബി വത്സലന്‍ സുപ്രഭാതത്തോട് പറഞ്ഞു. 60 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ ഒരു കാരണവശാലും ഡിസ്‌പെന്‍സറികളില്‍ തുടരാന്‍ അനുവദിക്കരുതെന്ന ഗവണ്‍മെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഡോക്ടറെ പിരിച്ചുവിട്ടത്. പകരം പുതിയ ഡോക്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്നലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് ലീവെടുക്കേണ്ടി വന്നത്. ഇന്നു മുതല്‍ ആശുപത്രി പ്രവര്‍ത്തനം പഴയ രീതിയില്‍ നടക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."