സഊദിയില്‍ വിസാ ഫീസ് വര്‍ധന പ്രാബല്യത്തില്‍; വിസിറ്റ് വിസയിലും മള്‍ട്ടിപ്പിള്‍ സംവിധാനം
റിയാദ്: സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിസ ഫീസ് വര്‍ധന നിലവില്‍ വന്നു. ഒക്ടോബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വന്ന ഫീസ് വര്‍ധന വ്യക്തമാക്കി മുംബൈയിലെ സഊദി കോണ്‍സുലേറ്റും ഡല്‍ഹിയിലെ സഊദി എംബസിയും റിക്രൂട്ട്‌മെന്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ മുഖേന അറിയിച്ചു.
പുതിയ നിയമപ്രകാരം സഊദിയിലേക്കുള്ള വിസ ഫീസ് ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. കുടുംബ സന്ദര്‍ശന വിസ, ആശ്രിത സന്ദര്‍ശന വിസ, അന്താരാഷ്ട്ര സംഘടനകള്‍ക്കുള്ള വിസിറ്റ് വിസ, ചികിത്സ വിസ, പഠന വിസ എന്നിവ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാംപ് ചെയ്യാന്‍ 2000 റിയാല്‍ അടക്കണം.
ഈ ഗണത്തിലെ വിസകള്‍ ആറു മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ( ഒന്നിലധികം തവണ വന്നു പോകാനുള്ള) വിസകളാണെങ്കില്‍ ആറു മാസത്തേക്ക് 3000 റിയാലും ഒരു വര്‍ഷത്തേക്ക് 5000 റിയാലും രണ്ടു വര്‍ഷത്തേക്ക് 8000 റിയാലും അടക്കണം.
വിസിറ്റ് വിസയിലും മള്‍ട്ടിപ്പിള്‍ സൗകര്യമൊരുക്കിയത് വിസ നിയമത്തിലെ പ്രധാന മാറ്റമാണ്. നേരത്തെബിസിനസ് വിസയില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമാണ് ആറു മാസത്തിലധികമുള്ള മള്‍ട്ടിപ്പിള്‍ വിസകള്‍ അനുവദിച്ചിരുന്നത്.
എന്നാല്‍ പുതിയ നിയമമനുസരിച്ച് ഏതു രാജ്യക്കാര്‍ക്കും ബിസിനസ്സ്, ഫാമിലി വിസകളില്‍ ഈ ആനുകൂല്യം ലഭ്യമാക്കും. അതേസമയം, കോണ്‍സുലേറ്റ് സര്‍ക്കുലറില്‍ ഉംറ വിസയെ കുറിച്ച് പരാമര്‍ശമില്ല.
എത്ര തവണ ഉംറ, ഹജ്ജ് നിര്‍വഹിച്ചെന്ന് വ്യക്തമായാല്‍ അവരെ കൊണ്ട് വരുന്ന ഉംറ കമ്പനികള്‍ 2000 റിയാല്‍ ഫീസ് പിന്നീട് അടക്കേണ്ടി വരും. ഈ ഫീസ് യാത്രക്കാരില്‍ നിന്നും ഉംറ കമ്പനികള്‍ ഈടാക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുമുള്ള ഉംറ വിസക്ക് ഇനി ചിലവേറും. രാജ്യത്ത് നിയമാനുസൃതമായി താമസിക്കുന്നവര്‍ പുറത്തേക്ക് പോയി തിരിച്ചു വരുന്നതിനുള്ള റീ എന്‍ട്രി വിസക്ക് രണ്ട് മാസത്തേക്ക് 200 റിയാലും ആറു മാസത്തേക്ക് 600 റിയാലുമെന്നാണ് വ്യക്തമാക്കിയിരുന്നതെങ്കിലും ആദ്യ തവണ 600 റിയാല്‍ തന്നെ അകൗണ്ടില്‍ ഇടണം.
ആവശ്യമായ തുക അതില്‍ നിന്നും ഈടാക്കി ബാക്കി തിരിച്ചെടുക്കാനുള്ള സംവിധാനം നിലവില്‍ ബാങ്കിലില്ല. ഇതു പിന്നീട് ഉപയോഗിക്കാന്‍ കഴിക്കുമെന്ന വിശ്വാസത്തിലാണ് വിദേശികള്‍.
മാത്രമല്ല ഒരാള്‍ക്ക് 600 റിയാല്‍ വീതം നിക്ഷേപിക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്കും കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കും നാട്ടില്‍ പോകാന്‍ വന്‍ ബാധ്യതയാണ് വരുത്തി വെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."