അധ്യാപകന്‍ വടിയെടുക്കേണ്ടവനല്ല
'പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപിക സിസ്റ്റര്‍ അന്നാമേരി മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ അണപ്പല്ല് ഇളകിപ്പോയി. നാലുദിവസമായി, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.' (സുപ്രഭാതം: 27.9.2016)
ഈ വാര്‍ത്ത വായിച്ചപ്പോള്‍ സമാനമായൊരു പഴയസംഭവം ഓര്‍മയിലെത്തി. പട്ടണക്കാട് ബിഷപ്പ് സ്‌കൂളില്‍ ചിരിച്ച 'കുറ്റ'ത്തിനു പ്രിന്‍സിപ്പല്‍ അഖില്‍ കൃഷ്ണയെന്ന വിദ്യാര്‍ഥിയുടെ (15) ചെകിടില്‍ അടിച്ചു പരിക്കേല്‍പ്പിച്ചു, വിദ്യാര്‍ഥി ആസ്പത്രിയിലായി.
ഒരു ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തില്‍ ഏഴാംക്ലാസിലെ കുട്ടി ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കേ, കൂട്ടുകാരനോട് ഒരു മലയാളപദം പറഞ്ഞു. ഈ വിവരം പ്രധാനാധ്യാപിക അറിഞ്ഞു. മലയാളം സംസാരിച്ച 'കുറ്റ'ത്തിന് ആ കുട്ടിക്ക് പ്രധാനാധ്യാപിക ശിക്ഷ നല്‍കി. എന്തായിരുന്നു ശിക്ഷയെന്നോ. കൈ രണ്ടും പിന്നില്‍ കൂട്ടിക്കെട്ടി മൂക്കുമാത്രം ചുമരില്‍ മുട്ടിച്ച് മുക്കാല്‍ മണിക്കൂര്‍ നിറുത്തുക!
മലയാളനാട്ടില്‍ മലയാളം സംസാരിച്ചതിനു ശിക്ഷ! ശിക്ഷയുടെ പ്രാകൃതസ്വഭാവം നോക്കൂ! പൗരാണികകാലത്ത്, കുറ്റാരോപിതന്‍ തിളച്ച എണ്ണയില്‍ കൈമുക്കല്‍, മുതലയുള്ള കുളത്തില്‍ നീന്തല്‍ തുടങ്ങിയ ശിക്ഷകള്‍ക്കു വിധേയനായിരുന്നു. സമാനമായ ശിക്ഷയ്ക്കു വിദ്യാര്‍ഥികളെയും വിധേയരാക്കേണ്ടതുണ്ടോയെന്ന് അധ്യാപകര്‍ വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ആരാച്ചാര്‍മാരല്ല, അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാകണം. പ്രശ്‌നപരിഹാരാര്‍ഥം വിദ്യാര്‍ഥിക്കു വിശ്വാസപൂര്‍വം സമീപിക്കാവുന്ന നല്ല മാര്‍ഗദര്‍ശിയുമാകണം.
എന്‍ജിനീയര്‍, ഡോക്ടര്‍, കലക്ടര്‍ തുടങ്ങിയ ലാവണങ്ങളില്‍ എത്തിപ്പെടാനാണു മിക്ക വിദ്യാര്‍ഥികളും പഠിക്കുന്നത്, അഥവാ അവരെ പണിപ്പെട്ടു പഠിപ്പിക്കുന്നത്. തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നപോലെ ശൈശവം മുതല്‍ ദുര്‍വഹമായ പഠനസാമഗ്രികള്‍ ചുമന്നു നടുവൊടിപ്പിക്കുന്നതു പ്രസ്തുത ലാവണം ലക്ഷ്യമാക്കിയാണ്.
ഈ രാജ്യത്തെ സകലമാന കുട്ടികളും എന്‍ജിനീയര്‍ഡോക്ടര്‍ലക്ടര്‍ ആയെന്നുവയ്ക്കുക. അപ്പോഴും നമുക്കു ചില അത്യാവശ്യജോലിക്കാരെ വേണ്ടിവരും. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ഡ്രൈവര്‍, മെക്കാനിക്, നഴ്‌സ്, പെയിന്റര്‍, കണ്ടക്ടര്‍, സിവില്‍ പൊലിസ് ഓഫീസര്‍, അഡ്വക്കറ്റ്, അധ്യാപകന്‍.... അങ്ങനെ അനേകായിരം ജോലിയില്‍ ഏര്‍പ്പെടുന്നവരെ വേണ്ടിവരും. ഇവയ്‌ക്കെല്ലാം എവിടെനിന്ന് ആളെ കിട്ടും. കെട്ടിടനിര്‍മാണത്തിനും കൃഷിപ്പണിക്കും കേരളീയര്‍ ബംഗാളികളെയാണിപ്പോള്‍ ആശ്രയിക്കുന്നത്. അധ്യാപകരാകാന്‍ ഏതായാലും ബംഗാളികള്‍ യോജിക്കുമെന്നു തോന്നുന്നില്ല.
അധ്യാപനം ഒരു കലയാണ്. 'ചുരന്ന മുല ചോരിവായില്‍ ചേര്‍ത്തെല്ലാം മറന്നിരിക്കും പെറ്റമ്മയെ തോല്‍പ്പിച്ചു ഗുരുനാഥന്‍' എന്നാണു കവിവാക്യം. അത്തരം അധ്യാപകരെയാണു സമൂഹത്തിനാവശ്യം. ദൗര്‍ഭാഗ്യവശാല്‍, വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാരെന്നതാണ് ഇന്നത്തെ അവസ്ഥ. ഈ അവസ്ഥയാണു് വിദ്യാലയങ്ങള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ക്കു മുഖ്യകാരണം.
വിദ്യാര്‍ഥികളുടെ ജിജ്ഞാസ ശമിപ്പിക്കാനും തമാശയാസ്വദിക്കാനും അധ്യാപകര്‍ക്കു മാനസികമായി കഴിയാത്തതാണ് അധ്യാപക-വിദ്യാര്‍ഥി ബന്ധം വഷളാക്കുന്നത്. ഉത്തരം ലഭിക്കുവാന്‍ വിഷമമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ശിഷ്യരെ പ്രാപ്തരാക്കുന്ന സിദ്ധിവിശേഷമാണ് അധ്യാപനം. ഈ കാര്യം അധ്യാപകര്‍ എപ്പോഴും ഓര്‍ത്തിരിക്കണം.
എന്തിന്. എന്തുകൊണ്ട്. എന്നിങ്ങനെയുള്ള ആകാംഷ ബാല്യസഹജമാണ്. ആ ആകാംക്ഷ ശമിപ്പിക്കാനുള്ള ബാധ്യത അധ്യാപകര്‍ക്കുണ്ട്. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പ്രായോഗികമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതില്‍ പല അധ്യാപകരും പരാജയപ്പെടുന്നു. അത്തരം സന്ദര്‍ഭങ്ങളിലാണു ശിക്ഷയുടെ വാള്‍ വിദ്യാര്‍ഥികളുടെ നേരേ പ്രയോഗിക്കപ്പെടുന്നത്.
പണ്ട്, അറിവു ലഭിച്ചിരുന്നതു ഗുരുമുഖത്തുനിന്നു മാത്രമാണ്. ഇന്ന് അറിവു ലഭിക്കാന്‍ പല സ്രോതസ്സുകളുണ്ട്. പല കുട്ടികളും ക്ലാസ്സിലെത്തുന്നതിനുമുമ്പുതന്നെ, അന്നു ക്ലാസിലെടുക്കാവുന്ന പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കിയിരിക്കും. ഇത്തരം കുട്ടികളെയാണു ക്ലാസ്സില്‍ അധ്യാപകര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. അന്നന്നു പഠിപ്പിക്കേണ്ട പാഠങ്ങള്‍ ഗൃഹപാഠം നടത്തി സംശയനിവൃത്തി വരുത്തിയശേഷമേ അധ്യാപനത്തിനു സന്നദ്ധനാകാവൂ. പലരും അങ്ങനെയല്ല.
ഒരു സംഭവം ഈ ഘട്ടത്തില്‍ ഓര്‍മയിലെത്തുന്നു. ഒരു യു. പി. സ്‌കൂള്‍ അധ്യാപകന്‍ സാമൂഹ്യശാസ്ത്രക്ലാസില്‍ വിവേകാനന്ദനെക്കുറിച്ചു വാചാലമായി പഠിപ്പിച്ചു. പാഠപുസ്തകത്തിലെ, സ്റ്റാമ്പിന്റെ വലുപ്പമുള്ള ഫോട്ടോ ചൂണ്ടിക്കാണിച്ച് ഇതാണ് വിവേകാനന്ദന്‍ എന്നു കുട്ടികളോടു പറയുകയും ചെയ്തു.
പെട്ടെന്ന് ഒരു കുട്ടി ചാടിയെഴുന്നേറ്റു പറഞ്ഞു. 'സാര്‍, അതു വിവേകാനന്ദനല്ല, അയ്യന്‍കാളിയാണ.്'
അധ്യാപകന്‍ വളരെ 'കൂളാ' യിട്ടു പറഞ്ഞു: 'അയ്യങ്കാളിയെങ്കില്‍ അയ്യങ്കാളി! അദ്ദേഹവും സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു'.
വിവേകാനന്ദനു ശിരോവസ്ത്രമുണ്ട്. അയ്യങ്കാളിക്കും അതുണ്ട്. ഇരുവരും അത് അണിഞ്ഞിരിക്കുന്നതു വ്യത്യസ്ത രീതിയിലാണ്. ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. ഒരല്‍പ്പം സാമൂഹ്യബോധവും വിദ്യാഭ്യാസവുമുള്ള ആര്‍ക്കും അയ്യങ്കാളിയെയും വിവേകാനന്ദനെയും വേര്‍തിരിച്ചറിയാം. പക്ഷേ, നമ്മുടെ അധ്യാപകനു മാത്രം അതിനു സാധിച്ചില്ല!
അധ്യാപകര്‍ക്കു സമൂഹത്തില്‍ സ്ഥാനവും സാമ്പത്തികസുരക്ഷിതത്വവുമുണ്ട്. വലിയ ചുമതലകളൊന്നുമില്ലതാനും. സുഖിയന്‍ ജോലി യായി അധ്യാപകവൃത്തിയെ കാണുന്നവര്‍ ഇന്ന് അധ്യാപകസമൂഹത്തില്‍ തന്നെ ധാരാളം. നിയമനം നേടുന്ന നാള്‍ മുതല്‍ ഇവര്‍ വിജ്ഞാനശേഖരണവും വിതരണവും ഉപേക്ഷിക്കും. സ്ഥിരവും സ്വസ്ഥവുമായ വര്‍ക്ക് ടു റൂള്‍ ശൈലി സ്വീകരിച്ചു വിദ്യാലയങ്ങളിലെയും സമൂഹത്തിലെയും 'സുന്ദരികളും സുന്ദരന്മാരു'മായി കഴിയുകയാണ്. ഇത്തരം അധ്യാപകരെങ്ങിനെ അയ്യങ്കാളിയെയും വിവേകാനന്ദനെയും വേര്‍തിരിച്ചറിയും.
ചരിത്രപുരുഷന്മാരെ വേര്‍തിരിച്ചറിയലല്ല പ്രധാനം. തന്നെ സമൂഹത്തില്‍ ഏവിടെ സ്ഥാപിക്കേണ്ടതുണ്ടെന്നും ഭാസുരമായൊരു സമൂഹസൃഷ്ടിക്കുവേണ്ടി താന്‍ എന്തു ത്യാഗം ചെയ്യേണ്ടതുണ്ടെന്നും അധ്യാപകര്‍ മനസ്സിലാക്കണം. ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന മഹത്കര്‍മമാണ് അധ്യാപനം. ഭാരതത്തിന്റെ ഭാഗധേയം ക്ലാസ് മുറികളിലാണു രൂപം കൊള്ളുന്നതെന്നു ഗാന്ധിജി പ്രസ്താവിച്ച കാര്യം ഓര്‍മിക്കുക.
ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായമാണു നാളത്തെ സമൂഹത്തെ സൃഷ്ടിക്കുന്നത്. വിദ്യാര്‍ഥികളെ സ്‌നേഹിക്കാനും ആര്‍ദ്രചിത്തരാക്കാനും അധ്യാപകര്‍ തയാറാകണം. പഠനവിഷയങ്ങളിലെന്നപോലെ സര്‍ഗമേഖലകളിലും കായികമത്സരങ്ങളിലും പുരസ്‌ക്കാരങ്ങള്‍ നേടുന്നവര്‍ക്കായാലും അല്ലാത്തവര്‍ക്കായാലും, അധ്യാപകരില്‍നിന്നു ലഭിക്കുന്ന നല്ലൊരുവാക്ക്, പുഞ്ചിരി, തലോടല്‍ അതു സാന്ത്വനചികിത്സയുടെ ഫലം ചെയ്യും.
പ്രശസ്തമായ ഒരു ചൊല്ലുണ്ട്: 'താനുമൊരു വിദ്യാര്‍ഥിയായിരുന്നെന്ന് അധ്യാപകന്‍ ചിന്തിക്കണമെന്നൊരു ചെല്ലുണ്ട്. ഇന്ന് അധ്യാപകര്‍ അങ്ങനെ ചിന്തിക്കുന്നില്ലെന്നു വിചാരിക്കണം. ബഹുഭൂരിപക്ഷം പേരും താന്‍ വളരെ കണിശക്കാരാണ്, ഗൗരവക്കാരനാണ്, നീതിപാലകനാണ് എന്നൊക്കെയാണ് ഭാവിക്കുന്നത്. ഈ നിരാര്‍ദ്രത വിദ്യാര്‍ഥികള്‍ക്കു പീഡനോപാധിയായി മാറുകയാണ്. തന്നെ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുള്ളതു വിദ്യാസമ്പന്നരുടെ ഹൃദയശൂന്യതയാണെന്നു ഗാന്ധിജി പ്രസ്താവിച്ചിട്ടുണ്ട്.
വാല്‍ക്കഷ്ണം: ലോകം ജയിക്കാന്‍ മതിയായ മഹാശക്തി വിദ്യാര്‍ഥികളില്‍ ഉറങ്ങിക്കിടപ്പുണ്ട്. അതിനെ തട്ടിയുണര്‍ത്തി അവരുടെയും സമൂഹത്തിന്റെയും നന്മയ്ക്കും വികാസത്തിനും വിനിയോഗിക്കാന്‍ പ്രയത്‌നിക്കുന്ന അധ്യാപകരും ഇവിടെയുണ്ട്. എണ്ണത്തില്‍ കുറവായ ഈ യഥാര്‍ഥയുഗശില്‍പ്പികളാണു വിദ്യാഭ്യാസത്തെ സാമൂഹികദൗത്യമായി ഏറ്റെടുക്കുന്നതും വിജയിപ്പിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."