അഴിയൂരില്‍ ലീഗ് നേതാവിന്റെ വീടിനുനേരെ ബോംബേറ്
വടകര: മുസ്ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.സി.എച്ച് ലത്തീഫിന്റെ വീടിനു നേരെ ബോംബേറ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ വീടിനും കാറിനും കേടുപാടുകള്‍ സംഭവിച്ചു. ശബ്ദം കേട്ട് ലത്തീഫും കുടുംബവും പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ കടന്നുകളയുകയായിരുന്നു.
അഴിയൂര്‍ അണ്ടിക്കമ്പനിക്കു മുന്നില്‍ നിന്നു കിഴക്കോട്ടുള്ള റോഡരികിലെ വീട്ടുചുമരില്‍ ബോംബ് വീണു വിള്ളല്‍ വീണു. ഇതിനിടയില്‍ വീട്ടുമുറ്റത്തെ കാറിന്റെ ഗ്ലാസും തകര്‍ന്നു. വിവരമറിഞ്ഞ് ചോമ്പാല പൊലിസ് സ്ഥലത്തെത്തി.
സംഭവത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അടിയന്തരയോഗം അപലപിച്ചു. അക്രമം നടത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്നു നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനം നടക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ സി.പി.എം പ്രവര്‍ത്തകനുമായി വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി യൂത്ത് ലീഗ് പ്രവര്‍ത്തകരായ കല്ലാമല റഫീഘറില് റസീഫ് (19), റാഹത്ത് മന്‍സില്‍ ഫായിസ് (18) എന്നിവര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി തന്നെയാണ് ലീഗ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബേറെന്നും നേതാക്കള്‍ പറഞ്ഞു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കുറ്റക്കാരെ പിടികൂടി ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ അഴിയൂരില്‍ ഹര്‍ത്താലും പ്രതിഷേധ പ്രകടനവും നടന്നു. കുറ്റക്കാര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എട്ടിന് കുഞ്ഞിപ്പള്ളി ടൗണില്‍ പ്രതിഷേധയോഗം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്മാന് കെ. അന്‍വര്‍ ഹാജി അധ്യക്ഷനായി. ഇ.ടി അയ്യൂബ്, പുത്തൂര്‍ അസീസ്, എ.ടി ശ്രീധരന്, പി. രാഘവന്, പ്രദീപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."