ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്നു വലിച്ചെറിഞ്ഞ ഐഫോണ്‍ 7 ന് സംഭവിച്ചത്...
ആരുടെയും ഹൃദയം തകര്‍ന്നു പോകുന്ന ഒരു കാഴ്ച്ചയായിരുന്നു അത്. ലോകത്തിലെ ഏറ്റവും വലിയ ബില്ഡിങ്ങുകളിലൊന്നായ ദുബായിയിലെ ബുര്‍ജ് ഖലീഫയുടെ 148-ാം നിലയില്‍നിന്ന് ഒരു പുതുപുത്തന്‍ ഐഫോണ്‍ 7 താഴേക്ക് വലിച്ചെറിയുന്ന ദൃശ്യമാണ് കഴിഞ്ഞയാഴ്ച്ച ചങ്കിടിപ്പോടെ ലോകം കണ്ടത്.
ഉക്രൈയിനില്നിന്നുള്ള ഒരു വ്ളോഗ്ഗറാണ് ടെക്ക് റാക്സ് എന്ന യൂട്യൂബ് ചാനലില്‍ ലോകമെമ്പാടും വൈറലായ ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. ടെക്ക് റാക്സ് ഐഫോണുമായി ഇത്തരം ഭ്രാന്തന് പ്രകടനങ്ങള്‍ സ്ഥിരമായി നടത്തുകയും അതിന്റെ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്യാറുമുണ്ട്.
രണ്ടാഴ്ച്ച മുമ്പ് ഹെഡ്ഫോണ് ജാക്ക് ഇല്ലാത്ത ഐ ഫോണ്‍ 7നില് ഹെഡ് ഫോണ്‍ ജാക്ക് ഡ്രില്‍ ചെയ്തുണ്ടാക്കുന്നത് എങ്ങിനെയെന്ന ഇയാളുടെ കുസൃതി വീഡിയോ കോടി ക്കണക്കിന് ആള്‍ക്കാരാണ് കണ്ടത്.
ഈ വീഡിയോ കണ്ട് വിശ്വസിച്ച് പലയാളുകളും തങ്ങളുടെ ഐഫോണ്‍ തുളച്ച് നശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫോണുകള്‍ക്ക് ഡ്രോപ്പ് ടെസ്റ്റ് നടത്തുന്നത് സാധാരണമാണ്. പക്ഷേ ഇതൊരുമാതിരി ഭ്രാന്തന് ടെസ്റ്റ് ആയിപ്പോയി. 1800 ഓളം അടി താഴേക്ക് പതിക്കുന്ന ഐഫോണിന് പിന്നീടെന്ത് സംഭവിച്ചുവെന്ന് വീഡിയോയില്‍ കാണിക്കുന്നില്ലെങ്കിലും, അതിന്റെ പൊടി പോലും കിട്ടിക്കാണില്ലെന്ന് ഉറപ്പിക്കാം.
പക്ഷേ ഇയാളുടെ തമാശ കാര്യത്തിലേക്ക് നീങ്ങുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ദുബായ് പോലീസ് ഇയാളെ ചോദ്യചെയ്തു.
നിലവില്‍ ഇയാള്‍ക്കെതിരെ പരാതികളൊന്നും തന്നെ കിട്ടിയിട്ടില്ലെങ്കിലും മറ്റുള്ള ആളുകളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്ന കേസ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യാനുള്ള സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."