മോഷ്ടിച്ച വാഹനം അപകടത്തില്‍പെട്ടു; വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ മുങ്ങി
വാടാനപ്പള്ളി: വീടിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന കാറുമായി കടന്ന സംഘം അപകടത്തില്‍പെട്ടു. അപകടം പറ്റിയ കാര്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ മുങ്ങി. തളിക്കുളം കൈതക്കലിനടുത്ത് അണ്ടിപുര കോളനിക്ക് സമീപം കല്ലറക്കല്‍ താജുദ്ദീന്റെ വേഗണര്‍ കാറാണ് മോഷണം പോയത്. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുകളില്‍ കൂടി അകത്തേക്ക് കയറിയ മോഷ്ടാക്കള്‍ വീടിനകത്ത് നിന്നാണ് കാറിന്റെ താക്കോല്‍ കവര്‍ന്നത്.
കാറിന്റെ താക്കോലിനൊപ്പം വീട്ടിലെ ബൈക്കിന്റെ താക്കോലും കവര്‍ന്നിട്ടുണ്ട്. വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടിരുന്നില്ലന്ന് വീട്ടുകാര്‍ പറയുന്നു. അത് കൊണ്ട് തന്നെ വീടിന്റെ പോര്‍ച്ചില്‍ നിന്നും തള്ളി നീക്കിയാണ് കാര്‍ പുറത്തേക്ക് കൊണ്ടു പോയതെന്നാണ് നിഗമനം. കാറുമായി പോകുന്നതിനിടയില്‍ വീടിന്റെ അഞ്ഞൂറ് മീറ്റര്‍ അകലെ വെച്ചാണ് കാര്‍ അപകടത്തില്‍പെട്ടത്.
റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങില്‍ കാര്‍ ഇടിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ച് കിടന്നിരുന്ന സ്ഥലത്തിന്റെ ഉടമകാര്‍ ഇടിച്ചുകിടക്കുന്നതായി വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് കാര്‍ വീട്ടില്‍ മോഷണം പോയതായി താജുദ്ദീന്‍ അറിഞ്ഞത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ഇടിച്ച കാര്‍ മാറ്റാന്‍ കഴിയാതിരുന്നതിനാലാകണം മോഷ്ടാക്കള്‍ കാര്‍ ഉപേക്ഷിച്ചതെന്ന് കരുതുന്നു. ഇന്നലെ രാത്രി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. വാടാനപ്പള്ളി എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."