പട്ടിക വിഭാഗക്കാര്‍ക്കായി നിര്‍മിച്ച ഫഌറ്റ് മുഖ്യമന്ത്രി കൈമാറും
കണ്ണൂര്‍: ഭവനരഹിത പട്ടിക വിഭാഗക്കാര്‍ക്കായി കോര്‍പറേഷന്‍ നിര്‍മിച്ച ഫഌറ്റിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എട്ടിന് രാവിലെ 10ന് മുനിസിപ്പല്‍ ഹൈസ്‌സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അര്‍ഹരായ 40 കുടുംബങ്ങള്‍ക്കാണ് ഫഌറ്റ് കൈമാറുക. ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് ഫഌറ്റ് കൈമാറുന്നതിനു കാലതാമസം നേരിട്ടതെന്നും അനര്‍ഹരായവര്‍ക്ക് ഫഌറ്റ് കൈമാറുന്നുവെന്ന വാദം വസ്തുതാ വിരുദ്ധമാണെന്നും മേയര്‍ ഇ.പി ലത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പട്ടികജാതി ഓഫിസറുടെ പരിശോധനയിലൂടെയാണ് ഉപഭോക്താക്കളെ തെരഞ്ഞെടുത്തത്.
ആദ്യഘട്ടത്തില്‍ കോര്‍പറേഷനു ലഭിച്ച അപേക്ഷയില്‍ അനര്‍ഹരാണെന്ന വാദം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പട്ടികജാതി ഓഫിസര്‍ക്ക് ലിസ്റ്റ് കൈമാറിയത്. സാമ്പത്തികസ്ഥിതിയും ജീവിത നിലവാരവുമെല്ലാം യാഥാര്‍ഥ്യമാണോ എന്നതിനെ കുറിച്ച് പുനപരിശോധന നടത്താനും ഓഫിസര്‍ക്കു കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 40 പേരും അര്‍ഹരാണെന്ന പട്ടികജാതി ഓഫിസറുടെ റിപ്പോര്‍ട്ട് ലഭിച്ചതു പ്രകാരമാണ് ഫഌറ്റ് നല്‍കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതെന്നും മേയര്‍ വ്യക്തമാക്കി.
നേരത്തെ ഫഌറ്റിന്റെ സ്ഥലം ഏറ്റെടുപ്പുമായി 85 ലക്ഷത്തിന്റെ ബാധ്യതയുണ്ടായിരുന്നതായും വരും ദിവസം ഇതു കൊടുത്തുതീര്‍ക്കുമെന്നും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് പറഞ്ഞു. മുക്കടവിലെ 23 കുടുംബങ്ങള്‍ക്കുള്ള ഫഌറ്റിന്റെ താക്കോല്‍ദാനവും സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും ഉടന്‍ നടത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."