നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസ്
കൂത്തുപറമ്പില്‍ കനത്ത സുരക്ഷ
കൂത്തുപറമ്പ്: കൈതേരി ആറങ്ങാട്ടേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പി വിവേകിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാളുടെ മൊഴി പ്രകാരമാണ് കൂത്തുപറമ്പ് പൊലിസ് കേസെടുത്തത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേക് അപകടനില തരണം ചെയ്തു. ഇയാളെ ഇന്നലെ പുലര്‍ച്ചെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെ ആറങ്ങാട്ടേരിയില്‍ വച്ചാണ് അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം തൊക്കിലങ്ങാടി പാലായി വളവില്‍ ഓട്ടോ ഡ്രൈവറും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുമായ കൈതേരിയിലെ എം അനൂപിനും പൂഴിയോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശിവനു നേരെയും അക്രമമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിവേകിനു വെട്ടേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരസഭ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ആര്‍.എസ്.എസ് ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധിയില്‍ പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ തലശ്ശേരി സബ് ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിലെ എസ്.ഐമാരേയും കൂടുതല്‍ സായുധ പൊലിസിനെയും പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."