ചുള്ളിക്കര-കൊട്ടോടി റോഡ് പണി നിലച്ചു; യാത്രാദുരിതം പേറി നാട്ടുകാര്‍
രാജപുരം: പൊട്ടിപ്പൊളിഞ്ഞ ചുളളിക്കര-കൊട്ടോടി റോഡ് പണി നിലച്ചതോടെ യാത്രാ ദുരിതം രൂക്ഷമായി. കാലവര്‍ഷം ആരംഭിച്ചതോടെ നിലച്ച നിര്‍മാണ ജോലികള്‍ പുരാരംഭിക്കാത്തതു നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 2013 ല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും 2016 അവസാനിക്കാറായിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്തതാണു നാട്ടുകാരെ പ്രതിഷേധത്തിലാക്കിയത്.
2014ലായിരുന്നു കരാര്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കേണ്ട കാലാവധി. എന്നാല്‍ എസ്റ്റിമേറ്റു തുക പുതുക്കാനുളള നീക്കങ്ങളുടെ ഭാഗമായി പ്രവര്‍ത്തികള്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. കരാറിന്റെ കാലാവധി അവസാനിച്ചിട്ടും ഉദ്യോഗസ്ഥര്‍ കരാറുകാരനെതിരേ നടപടിയെടുക്കാതിരുന്നത് ഇതുകൊണ്ടാണെന്നാണ് ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത ചുള്ളിക്കരയില്‍ ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്നു റോഡ് പണി ആരംഭിക്കുമെന്നു പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ഉറപ്പു നല്‍കിയിരുന്നു.
തുടര്‍ന്നു റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീടു മഴയെ തുടര്‍ന്നു നിര്‍മാണം നിര്‍ത്തിവച്ചു. മഴ മാറിയാല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും മഴ മാറി ദിവസങ്ങളായെങ്കിലും നിര്‍മാണം പുനരാരംഭിക്കാനുള്ള നടപടികളുണ്ടായില്ല.
വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടക്കാതെ റോഡ് പൂര്‍ണമായും തകര്‍ന്നു കുഴികളായി. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും യാത്ര ചെയ്യാന്‍ സാധിക്കാത്ത ഇവിടെ കാല്‍നടയാത്രയും ദുരിതപൂര്‍ണമാണ്. ചുള്ളിക്കര മുതല്‍ കൊട്ടോടി വരെ മൂന്നു കിലോമീറ്റര്‍ ദൂരമാണു മെക്കാഡം ടാറിങ് നടത്തി നവീകരിക്കുന്നത്. നാലു കോടി രൂപയാണ് എസ്റ്റിമേറ്റ്.
പാര്‍ശ്വഭിത്തി നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ കള്‍വര്‍ട്ടുകള്‍ നിര്‍മിക്കാനുണ്ട്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ അഞ്ചോളം ബസുകളും നിരവധി ഓട്ടോറിക്ഷകളുമാണ് ഇതുവഴി സര്‍വിസ് നടത്തുന്നത്. റോഡിന്റെ സ്ഥിതി കാരണം ഇവയുടെ ഓട്ടം നിലയ്ക്കുമോയെന്നാണു നാട്ടുകാര്‍ സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."