എം.എസ്.എസില്‍ ലക്ഷങ്ങളുടെ അഴിമതി; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാന്‍ ശ്രമം
കോഴിക്കോട്: എം.എസ്.എസില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ടു അന്വേഷണവും നടപടിയും. എം.എസ്.എസിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലെ മാളിക്കടവ് എം.എസ്.എസ് പബ്ലിക്ക് സ്‌കൂളിനോട് ചേര്‍ന്ന് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കെതിരേ സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറിയും എം.എസ്.എസ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.എം മുഹമ്മദ് അഷ്‌റഫ്, എം.എസ്.എസ് ജില്ലാ കമ്മിറ്റി സെക്രട്ടറി പി. സിക്കന്ദര്‍, സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ കെ.വി ഹസീബ് അഹമ്മദ് എന്നിവര്‍ക്കെതിരേയാണ് നടപടി. ഇവരുടെ പ്രാഥമിക അംഗത്വം നിലനിര്‍ത്തികൊണ്ട് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി നിയോഗിച്ച ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍മാണത്തില്‍ 46 ലക്ഷം രൂപയുടെ അഴിമതിയും ക്രമക്കേടും നടന്നതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. 91 ലക്ഷം രൂപയാണ് ഓഡിറ്റോറിയം നിര്‍മിക്കാന്‍ ചെലവായത്. എന്നാല്‍ അംഗീകൃത പാനല്‍ വാല്യൂര്‍ വഴി നിര്‍മാണ ചെലവ് 41 ലക്ഷം രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. 41 ലക്ഷം രൂപ ഉപയോഗിച്ച് ഇത്തരത്തിലുള്ള ഒരു ഓഡിറ്റോറിയം നിര്‍മിക്കാനാവുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
ചട്ടം ലംഘിച്ചാണ് നിര്‍മാണം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടിക്കു വിധേയരായവരില്‍ ചിലര്‍ തന്റെ കീഴില്‍ ജോലി ചെയ്യുന്നവരെ ഉപയോഗിച്ച് കരാര്‍ ഏറ്റെടുത്തു അഴിമതി നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കരാറുകാരനായ കെ.കെ മുനീര്‍ സ്‌റ്റേറ്റ്‌മെന്റ് എടുക്കാന്‍ ഹാജരായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വട്ടേഷനില്‍ അവ്യക്തത, കരാറില്‍ ക്രമക്കേട്, സാധനങ്ങളുടെ വിലയിലും കരാര്‍ നിരക്കിലും അന്യായമായ വര്‍ധന, വൗച്ചറുകള്‍ സൂക്ഷിച്ചിട്ടില്ല, പര്‍ച്ചേഴ്‌സ് ബില്ലുകള്‍ പരിശോധിച്ചിട്ടില്ല തുടങ്ങിയ കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.
സ്‌കൂള്‍ഫണ്ടില്‍ നിന്നും 46 ലക്ഷം രൂപ നഷ്ടമായെന്നും ഈ പണം ഇവരില്‍ നിന്നും ഈടാക്കണമെന്നും നിയമനടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന കമ്മിറ്റി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ മുന്നിലാണ് റിപ്പോര്‍ട്ടു ഇപ്പോഴുള്ളത്.
കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗം ജില്ലാ സെക്രട്ടറിക്കെതിരേ നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചയെ തുടര്‍ന്ന് അലങ്കോലമായിരുന്നു. അതേസമയം താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും കൃത്യമായ കണക്കുകള്‍ ബന്ധപ്പെട്ടവര്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പി.സിക്കന്ദര്‍ സുപ്രഭാതത്തോട് പറഞ്ഞു. നിര്‍മാണത്തിന്റെ കരാര്‍ എടുത്തിട്ടില്ലെന്നും തന്റെ ഭാവി തകര്‍ക്കാനുള്ള ശ്രമമാണിതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ജില്ലാ കമ്മിറ്റിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ നടപടിക്കു വിധേയനായ കെ.വി ഹസീബ് അഹമ്മദിന് അഴിമിതിയില്‍ പങ്കില്ലെന്നും അദ്ദേഹം ഉത്തരവാദിത്വം നിര്‍വഹിക്കാത്തതിനാലാണ് നടപടി ഉണ്ടായതെന്നും ഒരു ഭാരവാഹി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."