കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ ഫെന്‍സിങ് സ്ഥാപിക്കും: എല്‍ദോസ് കുന്നപ്പിള്ളി
പെരുമ്പാവൂര്‍ : കാട്ടാന ശല്യം രൂക്ഷമായ വേങ്ങൂര്‍ പഞ്ചായത്തിലെ മെയ്ക്കപ്പാലയിലും പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലും സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. മെയ്ക്കപ്പാലയില് വനം വകുപ്പിന്റെ ഫണ്ടായി 12 ലക്ഷം രൂപയും ബാക്കി ആവശ്യമായ തുക എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വിനിയോഗിക്കുവാനുമാണു തീരുമാനിച്ചിരിക്കുന്നത്. പാണിയേലി മുതല്‍ വേട്ടപ്പാറ വരെ 12 കിലോമീറ്ററാണ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്. ഈ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ആനകളെ പുഴ കടത്തി വിട്ടതിനു ശേഷമാണ് ഫെന്‍സിംഗ് നടത്തുവാന്‍ സാധിക്കു. കണിച്ചാട്ടുപാറയില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും നാട്ടുകാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. വേനല്‍ കാലത്തിനു മുന്‍പ് കാട്ടാനകളെ വനത്തിലേക്ക് തിരികെ വിട്ട് പണി പൂര്‍ത്തികരിക്കേണ്ടതുണ്ട്. അതിനായി കരാറുകാരനു നിര്‍ദ്ദേശം നല്‍കുമെന്നും എം.എല്‍.എ യോഗത്തെ അറിയിച്ചു.
പൊങ്ങിന് ചുവട് ആദിവാസി കോളനി നിവാസികള്‍ എം.എല്‍.എ ക്ക് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണു ഫെന്‍സിംഗ് സ്ഥാപിക്കാന്‍ തുക അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി, വൈസ് പ്രസിഡന്റ് പ്രീതി ബിജു, വാര്‍ഡ് അംഗം എന്‍.യു മോഹനന്, ഫാ. സേവ്യര്‍ മാമ്മൂട്ടില്‍, ജോസ് പുല്ലന്, സലോമി ബേബി, റേഞ്ച് ഓഫിസര്‍ പോള്‍ പി മത്തായി, ജെയ്മോന് കണ്ണാടന്‍ എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."