വാഹനം കാണാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ്
മണിപ്പൂരില്‍ നിന്നും വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ കേരളത്തിലേക്ക്
കണ്ണൂര്‍: വാഹനം കാണാത്തവര്‍ക്കും ഓടിക്കാനറിയാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് റെഡി. മൂവായിരം രൂപയും ഫോട്ടോയും ആധാര്‍ കാര്‍ഡും നല്‍കിയാല്‍ ഒരുമാസത്തിനുള്ളില്‍ ലൈസന്‍സ് വീട്ടിലെത്തും. മണിപ്പൂരില്‍ നിന്നാണ് ലൈസന്‍സുകള്‍ കേരളത്തിലേക്കൊഴുകുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പണമടക്കേണ്ട എക്കൗണ്ട് നമ്പര്‍ മൊബൈലില്‍ മെസേജായി എത്തും. മണിപ്പൂരില്‍ പോവുകയും വേണ്ട, ഡ്രൈവിങ് ടെസ്റ്റ് പാസാകുകയും വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത. മേഘാലയ, നാഗാലാന്റ്, ഗോവ തുടങ്ങിയ സംസ്ഥാനത്തെ ലൈസന്‍സുകളാണ് സംസ്ഥാനത്ത് ഉപയോഗിച്ചുവരുന്നത്.
എന്നാല്‍ അന്യസംസ്ഥാന ലൈസന്‍സുകളില്‍ ഏറെയും മണിപ്പൂരില്‍ നിന്നുള്ളവയാണ്. ഇതില്‍ 90 ശതമാനവും വ്യാജമാണെന്ന് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഡ്രൈവിങ് ലൈസന്‍സിന് ഏറെ കടമ്പ കടക്കണമെന്നതിനാലാണ് പലരും അന്യസംസ്ഥാന ലൈസന്‍സുകളെ ആശ്രയിക്കുന്നത്. ലൈസന്‍സിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ടെങ്കിലും ഉടമകളില്‍ പലരും ലൈസന്‍സില്ലെന്നറിയിച്ച് പിഴയടച്ച് മുങ്ങുകയാണ്.
ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ലഭിക്കുന്ന ശിക്ഷയേക്കാള്‍ കുറവാണ് ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നത്. വ്യാജമായവ കണ്ടെത്തി ആര്‍.ടി.ഒ പൊലിസിന് കൈമാറുന്നുണ്ടെങ്കിലും നിയമത്തിന്റെ നൂലമാല ഉന്നയിച്ച് പൊലിസും ഉടമകളെ താക്കീത് ചെയ്തുവിടുകയാണ്. പൊലിസിന് മുന്നില്‍ മാത്രമാണ് അന്യസംസ്ഥന ലൈസന്‍സ് കാട്ടി ഉടമകള്‍ രക്ഷപ്പെടുന്നത്. എന്നാല്‍ ലൈസന്‍സുകളുടെ ആധികാരികതെയെക്കുറിച്ച് പൊലിസ് അന്വേഷണം നടത്താത്തതാണ് വ്യാജ ലൈസന്‍സുകള്‍ പെരുകി വരാന്‍ കാരണമായതെന്ന് ആര്‍.ടി.ഒ അധികൃതര്‍ പറയുന്നു.
കഴിഞ്ഞ നവംബറില്‍ വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താന്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും മാസങ്ങള്‍ക്ക് ശേഷം ഇതര സംസ്ഥാന ലൈസന്‍സുകള്‍ കൂണുപോലെ ഉയര്‍ന്നുവരികയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന ലൈസന്‍സുള്ളവരുള്ളത്.
കണ്ണൂരില്‍ ഏറെയും മണിപ്പൂരില്‍ നിന്നും ലൈസന്‍സെടുത്തവരാണ്. കഴിഞ്ഞമാസം പയ്യന്നൂര്‍ കുന്നേരുവില്‍ ടിപ്പറിടിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മണിപ്പൂരിലേതാണെന്ന് കണ്ടെത്തിയിരുന്നു. അത് വ്യാജമാണോയെന്ന് പരിശോധിക്കാന്‍ പൊലിസ് ഇതുവരെയും തയാറായിട്ടില്ല.
മണിപ്പൂരില്‍ നിന്നുള്ള ലൈസന്‍സുടമകളില്‍ ഏറെയും സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളുമാണ്. വ്യാജമാണെന്ന് അറിഞ്ഞാണ് പലരും ഇതരസംസ്ഥാന ലൈസന്‍സ് എടുക്കുന്നത്. മണിപ്പൂരില്‍ നിന്നുള്ള ലൈസന്‍സുകള്‍ക്ക് ഇന്‍ഷൂറന്‍സോ മറ്റു പരിരക്ഷയോ ലഭിക്കില്ലെന്ന് ആര്‍.ടി.ഒ അധികൃതര്‍ പറയുന്നു.
മണിപ്പൂരിലെ സര്‍ക്കാര്‍ ജീവനക്കാരുടെയോ, സൈനികരുടെയോ, അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ താമസിച്ച ആളുകളുടെ ലൈസന്‍സുകള്‍ക്ക് മാത്രമാണ് നിയമ പരിരക്ഷ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."