ഐ.എസ് ബന്ധം: സുബ്ഹാനിയെ തൊടുപുഴയില്‍ എത്തിച്ച് തെളിവെടുത്തു
തൊടുപുഴ: ഐ.എസ് ബന്ധത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലെ കടയനല്ലൂരില്‍ പിടിയിലായ തൊടുപുഴ സ്വദേശി സുബ്ഹാനി(31)യെ എന്‍.ഐ.എ സംഘം തൊടുപുഴയില്‍ എത്തിച്ച് തെളിവെടുത്തു.
തെളിവെടുപ്പിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെത്തി സുബ്ഹാനിക്കെതിരേ മുദ്രാവാക്യം മുഴക്കി പ്രകോപനത്തിന് ശ്രമിച്ചെങ്കിലും പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കി. സുബ്ഹാനിയെ തെളിവെടുപ്പിന് എത്തിച്ചതറിഞ്ഞ് സ്ഥലത്ത് നിരവധി പേര്‍ തടിച്ചുകൂടി. ഇതോടെ പൊലിസ് വാഹനം സമീപത്തെ വീടിന്റെ പോര്‍ച്ചിലേക്ക് മാറ്റിയിട്ട് ഗേറ്റ് അടച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് എന്‍.ഐ.എ എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുളള അഞ്ചംഗ സംഘം എത്തിയത്. ഇതിന് 10 മിനുട്ട് മുന്‍പ് മാത്രമാണ് ലോക്കല്‍ പൊലിസ് വിവരമറിഞ്ഞത്. മുഖംമൂടി ധരിച്ച സുബ്ഹാനിയുമായി ഇന്നോവാ കാറിലാണ് എന്‍.ഐ.എ സംഘമെത്തിയത്. മാര്‍ക്കറ്റ് റോഡില്‍ സുബ്ഹാനിയുടെ കുടുംബവകയായ തുണിക്കടയിലെത്തി. ഇവിടെ ഇയാള്‍ ഉപയോഗിച്ചിരുന്നതായി പറയുന്ന മുറി വിശദമായി പരിശോധിച്ചു.
പിന്നീട് സുബ്ഹാനിയെ വാഹനത്തില്‍ ഇരുത്തിയശേഷം ഉദ്യോഗസ്ഥര്‍ വ്യാപാരഭവന് പിന്നിലെ ഇയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തി. വീട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇയാള്‍ക്ക് വീടുമായി കാര്യമായ ബന്ധമില്ലായിരുന്നെന്നും വല്ലപ്പോഴും വീട്ടില്‍ എത്തി മടങ്ങാറായിരുന്നു പതിവെന്നും വീട്ടുകാര്‍ വിശദീകരിച്ചു. തുടര്‍ന്ന് സുബ്ഹാനിയുമായി വീട്ടില്‍ എത്തി വീണ്ടും തിരച്ചില്‍ നടത്തി. ഒന്നര മണിക്കൂറിന് ശേഷമാണ് എന്‍.ഐ.എ സംഘം മടങ്ങിയത്.
40 വര്‍ഷം മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നെത്തി തൊടുപുഴയില്‍ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിച്ച കുടുംബത്തിലെ നാല് മക്കളില്‍ ഇളയയാളാണ് സുബ്ഹാനി. ഇയാള്‍ കടയനല്ലൂരില്‍ ഭാര്യ വീടിന്‌സമീപം വാടകക്ക് താമസിക്കുകയാണ്. രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയും ഇയാള്‍ക്കുണ്ട്. സുബ്ഹാനിയുടെ തറവാടായ മാളിയേക്കല്‍ വീട്ടില്‍ ഇപ്പോള്‍ ആരും താമസമില്ല. പിതാവ് കാജാ മൊയ്തീന്‍ മൂത്തമകന്‍ പീരുമുഹമ്മദിനൊപ്പമാണ് താമസം. സുബ്ഹാനിക്കും സഹോദരിക്കുമായി കാജാ മൊയ്തീന്‍ നല്‍കിയ വിഹിതത്തിലാണ് വീട്. സഹോദരിയെ വിവാഹം കഴിച്ചയച്ചു.
കഴിഞ്ഞ രണ്ടിന് കണ്ണൂരിലെ കനകമലയില്‍ നിന്നും ഐ.എസുമായി ബന്ധമുള്ള ആറ് യുവാക്കളെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് കേരളത്തിലെ ഐ.എസിന്റെ മുഖ്യചുമതലക്കാരനെന്ന് സംശയിക്കുന്ന സുബ്ഹാനിയെക്കുറിച്ച് വിവരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."