ബി.എസ്.പി റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു
ലക്നോ: ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിന് കാഹളം മുഴക്കി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി കുട്ടികളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകളാണ് റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്.
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവിലെ കാന്‍ഷിറാം എക്കോ ഗാര്‍ഡനിലായിരുന്നു റാലി സംഘടിപ്പിച്ചിരുന്നത്. പരിപാടിയില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നതിനായി ട്രെയിനുകള്‍ റിസര്‍വ് ചെയ്തും നിരവധി വാഹനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കാന്‍ഷിറാമിന്റെ ചരമ ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പാര്‍ട്ടിയുടെ ശക്തിപ്രകടനമായിരുന്നു ഇത്.
റാലിയെ അഭിസംബോധന ചെയ്ത് മായാവതി പ്രസംഗിച്ച ശേഷമാണ് ജനക്കൂട്ടത്തിനിടയില്‍ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍പെട്ടവരെല്ലാം പാവപ്പെട്ട ദലിതുകളാണന്നാണ് പറയപ്പെടുന്നത്.
അപകടമുണ്ടായ ഉടനെ ആംബുലന്‍സുകള്‍ എത്തിയെങ്കിലും ഇവയ്ക്ക് അപകട ഭാഗങ്ങളില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."