കരിന്തളം ഖനനം: പുനരാരംഭിക്കണമെന്നു മന്ത്രി, പറ്റില്ലെന്ന് സമരസമിതി
നീലേശ്വരം: കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ തലയടുക്കത്തെ കെ.സി.സി.പി.എല്ലിന്റെ ലാറ്ററൈറ്റ് ഖനനം പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ആവശ്യം സര്‍വകക്ഷി ജനകീയ സമിതി തള്ളി. അതോടെ ഇതുമായി ബന്ധപ്പെട്ടു നീലേശ്വരത്തു മന്ത്രി വിളിച്ചു ചേര്‍ത്തയോഗം തീരുമാനമാകാതെ പിരിഞ്ഞു.
ഒരു വര്‍ഷത്തിലധികമായി പൂട്ടിയിട്ട ഖനിയില്‍ വൈവിധ്യവല്‍ക്കരണം നടപ്പിലാക്കുന്നതിനോടൊപ്പം ജനകീയ സമയവായത്തിലൂടെ മലബാര്‍ സിമന്റ്‌സിനു വേണ്ടിമാത്രം ഖനനം നടത്തുകയെന്ന നിര്‍ദേശത്തില്‍ മന്ത്രിയും വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ സര്‍വകക്ഷി ജനകീയ സമിതിയും ഉറച്ചു നിന്നതോടെയാണു ചര്‍ച്ച പരാജയപ്പെട്ടത്. നളന്ദ റിസോര്‍ട്ട്‌സിലെ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറിലധികം ചര്‍ച്ച നീണ്ടു. കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിവിധ തൊഴിലാളി യൂനിയനുകളുടെ ഭാരവാഹികളും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.
ജനകീയ സമരത്തെത്തുടര്‍ന്നു അടഞ്ഞു കിടക്കുന്ന തലയടുക്കം ഖനിയില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കാമെന്ന നിര്‍ദേശത്തോടെയാണു മന്ത്രി ചര്‍ച്ച ആരംഭിച്ചത്. 100 പശുക്കള്‍ ഉള്‍ക്കൊള്ളുന്ന ഫാം തുടങ്ങാമെന്ന മന്ത്രിയുടെ നിര്‍ദേശം ജനകീയ സമിതിയും സ്വാഗതം ചെയ്തു. തുടര്‍ന്നു ജനങ്ങളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും അനുമതിയോടെ മലബാര്‍ സിമന്റ്‌സിന്റെ ആവശ്യത്തിനുള്ള ലാറ്ററൈറ്റ് ഖനനമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടു വച്ചു. എന്നാല്‍ ഖനന വിഷയത്തില്‍ തല്‍സ്ഥിതി തുടരുകയല്ലാതെ യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നു ജനകീയ സമിതിയും അറിയിച്ചു. നിലപാടു പുനഃപരിശോധിക്കണമെന്നു സമവായ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ മന്ത്രി ആവര്‍ത്തിച്ചെങ്കിലും കൂടുതലൊന്നും പറയാനില്ലെന്ന നിലപാടില്‍ സമരസമിതി നേതാക്കള്‍ ഉറച്ചു നിന്നു. ഒടുവില്‍ യോഗം അവസാനിപ്പിച്ചതായി മന്ത്രി അറിയിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല, ഒ.എം ബാലകൃഷ്ണന്‍, ടി.കെ രവി, അഡ്വ.കെ.കെ നാരായണന്‍, പി ചന്ദ്രന്‍ (സര്‍വകക്ഷി ജനകീയ സമിതി), എസ് അശോക് കുമാര്‍, കെ.പി മുഹമ്മദ്ബഷീര്‍, കെ ജില്‍ജിത്ത്, സി.വി ശശി, കെ മധുസൂദനന്‍ (കെ.സി.സി.പി.എല്‍), പി രാമചന്ദ്രന്‍, ഐ.വി ശിവരാമന്‍, അഡ്വ.ജോസ് സെബാസ്റ്റ്യന്‍, എ മാധവന്‍ (യൂനിയന്‍ നേതാക്കള്‍), കെ.കെ രാജു, എ.പി ബിനീഷ് (മലബാര്‍ സിമന്റ്‌സ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പുനരാലോചനയില്ല: സര്‍വകക്ഷി ജനകീയ സമിതി
നീലേശ്വരം: 163 ദിവസം നീണ്ടു നിന്ന ജനകീയ സമരത്തിനു ശേഷം ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കെ.സി.സി.പി.എല്‍ ഖനിയില്‍ ഖനനം വേണ്ടെന്ന നിലപാടില്‍ പുനരാലോചനയില്ലെന്നു സര്‍വകക്ഷി ജനകീയ സമിതി.
തുടര്‍ന്നും മന്ത്രി വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുമെന്നും ഖനിയില്‍ വൈവിധ്യവല്‍കരണം നടത്താനുള്ള ഏതു നീക്കത്തേയും സമിതി പിന്തുണയ്ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സമരത്തിലൂടെ ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസം ഇനിയും വൈകരുതെന്നാണു സമിതിയുടെ നിലപാട്.
അതേസമയം ജനങ്ങളുടെ സൈ്വര്യജീവിതത്തിനു ഭീഷണിയായ ഖനനം വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും തുടര്‍ യോഗങ്ങളിലും ഇതേ നിലപാട് ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ഒന്നും പറയാനില്ല:മന്ത്രി
നീലേശ്വരം: ഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തെക്കുറിച്ചു ഒന്നും പറയാനില്ലെന്നു മന്ത്രി ഇ.പി ജയരാജന്‍.
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയിലെ തീരുമാനങ്ങളും വിശദാംശങ്ങളും ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോടാണു മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
നിങ്ങളോടു പറയാനായി ഇപ്പോള്‍ ഒന്നും ഇല്ല. പിന്നീടു കാണാമെന്നു പറഞ്ഞു മന്ത്രി ഔദ്യോഗിക വാഹനത്തില്‍ കയറുകയായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ വന്‍ മാധ്യമപ്പട തന്നെ യോഗം റിപ്പോര്‍ട്ടു ചെയ്യാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."