പ്രവര്‍ത്തന സമയം വൈകിട്ട്; വായനശാലയില്‍ വായന പടിക്കുപുറത്ത്
അമ്പലവയല്‍: ടൗണിലെ പൊതു വായനശാലയില്‍ നിന്നും ദിനപ്പത്രങ്ങള്‍ വായിക്കണമെങ്കില്‍ പടിക്ക് പുറത്തിരിക്കണം. വൈകുന്നേരങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള സമയങ്ങളില്‍ ആളുകള്‍ പുറത്തിരുന്നാണ് പത്രം വായിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച കെട്ടിടത്തിലാണ് വായനശാല പ്രവര്‍ത്തിക്കുന്നത്. ലൈബ്രറി പ്രവര്‍ത്തിക്കുന്ന വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സമയങ്ങളില്‍ മാത്രമേ പൊതു ജനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. രാവിലെ പത്ര വായനക്കായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. സ്ഥാപനത്തിന്റെ വരാന്തയില്‍ ഇരുന്ന് വായിക്കാന്‍ സൗകര്യമുണ്ടങ്കിലും വാതില്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഉള്ളില്‍ കയറാന്‍ സാധിക്കില്ല.
സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്താണ് വായനശാല പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാല്‍ ചോര്‍ന്നൊലിക്കുന്നുമുണ്ട്. മേല്‍കൂരയിലെ ഓടുകള്‍ പലതും പൊട്ടിയിരിക്കുകയാണ്. 2000ത്തിലേറെ പുസ്തകങ്ങളും നിരവധി മെമ്പര്‍മാരുമുണ്ടിവിടെ. എന്നാല്‍ കൃത്യമായി തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതാണ് നാട്ടുകാര്‍ക്ക് പ്രയാസമാകുന്നത്. നേരെത്തെ രാവിലെ തന്നെ വായനശാല തുറക്കുമായിരുന്നു. വിദ്യാര്‍ഥികളുള്‍പ്പടെ രാവിലെ ഇവിടെയെത്തി പത്ര വായന പൂര്‍ത്തിയാക്കിയ ശേഷമാണ് സ്‌കൂളില്‍ പോയിരുന്നത്. ഇപ്പോഴതും തടസ്സപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."