ഡ്രൈവര്‍മാരുടെ തര്‍ക്കം; തോല്‍പ്പെട്ടി വന്യജീവി സങ്കേതം അടച്ചിട്ടു
തോല്‍പ്പെട്ടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനുള്ളിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സേവനം തുടരുന്നവരും പ്രദേശവാസികളായ ടാക്‌സി െ്രെഡവര്‍മാരും തമ്മില്‍ തര്‍ക്കം. ഇതേത്തുടര്‍ന്ന് സങ്കേതം താല്‍ക്കാലികമായി അടച്ചു. തങ്ങള്‍ക്കും വാഹനം ഓടിക്കാനുള്ള അവസരം വേണമെന്നാണ് പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരുടെ ആവശ്യം. എന്നാല്‍ നിലവില്‍ പച്ച പെയിന്റടിച്ച് സര്‍വിസ് നടത്തിവരുന്നവര്‍ ആരെയും പുതുതായി അനുവദിക്കില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ്. തിങ്കളാഴ്ച സങ്കേതം തുറന്നെങ്കിലും ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിടുകയായിരുന്നുവെന്നും ഇരു വിഭാഗവും അഭിപ്രായഐക്യം രൂപപ്പെടുന്നത് വരെ ഇനി വന്യജീവി സങ്കേതം തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ ഗോപാലന്‍ പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ ഇരുവിഭാഗമായി തിരിഞ്ഞ് തിങ്കളാഴ്ച പരസ്പരം വാക്കേറ്റം നടത്തുകയും തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയുമായിരുന്നു. തിരുനെല്ലി പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
തിങ്കളാഴ്ച്ച സംഘര്‍ഷം മൂലം വിനോദസഞ്ചാരികള്‍ ഭയന്നോടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തര്‍ക്കം അവസാനിക്കുന്നത് വരെ വന്യജീവി സങ്കേതം അടച്ചിടാന്‍ തീരുമാനിച്ചത്. ഞായറാഴ്ച മുതലാണ് തര്‍ക്കം രൂക്ഷമായത്. യാതൊരു കാരണവശാലും പുതിയ ടാക്‌സി ജീപ്പുകള്‍ക്ക് വന്യജീവി സങ്കേതത്തിലേക്ക് ടൂറിസ്റ്റുകളെയും കൊണ്ടുപോകാന്‍ അനുമതി നല്‍കില്ലെന്നാണ് നിലവില്‍ സര്‍വിസ് നടത്തുന്ന മുപ്പതോളം ടാക്‌സി ജീപ്പ് ഡ്രൈവര്‍മാര്‍ പറയുന്നത്.
എന്നാല്‍ ദിവസവും 2,000 രൂപയിലധികം ഇത്തരക്കാര്‍ക്ക് വരുമാനമുണ്ടെന്നും അതുകൊണ്ട് ടാക്‌സി മേഖലയില്‍ ദുരിതത്തിലായിരുക്കുന്ന തങ്ങള്‍ക്കും ചെറിയ വരുമാനമുണ്ടാക്കാനുള്ള അവസരം നല്‍കണമെന്നുമാണ് പ്രദേശവാസികളായ ഡ്രൈവര്‍മാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഞായറാഴ്ച ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്യജീവി സങ്കേതം അടച്ചിടുകയായിരുന്നു. തുടര്‍ന്ന് രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ ഏകദേശം പരിഹരിച്ചതായിരുന്നു.
എന്നാല്‍, തിങ്കളാഴ്ച വന്യജീവി സങ്കേതം തുറന്നപ്പോള്‍ വീണ്ടും ഇരുവിഭാഗവും വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തി. ചൊവ്വാഴ്ചയും ഇതര സംസ്ഥാനത്തു നിന്നടക്കം നിരവധി സഞ്ചാരികളാണ് ഇവിടെ എത്തി നിരാശയോടെ മടങ്ങിയത്. ഇവിടുത്തെ പ്രശ്‌നം നാഗര്‍ ഹോള വന്യജീവി സങ്കേതത്തിന് ഗുണകരവുമായി. തുടര്‍ച്ചയായുള്ള അവധി ദിവസങ്ങളായ ഇപ്പോള്‍ സങ്കേതം അടച്ചിടുന്നത് വനംവകുപ്പിനും പരിസരത്തെ കച്ചവടക്കാര്‍ക്കും കനത്ത നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്.
അതേസമയം, മൂന്ന് വര്‍ഷം മുന്‍പ് ഇവിടേക്ക് രണ്ട് ബസ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബസുകള്‍ എത്തിച്ച് സര്‍വിസ് നടത്തുകയും ടാക്‌സി ജീപ്പുകളെ പൂര്‍ണമായും ഒഴിവാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."