ബത്തേരി മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; ഒരു മാസത്തിടെ മരിച്ചത് നാലുപേര്‍
സുല്‍ത്താന്‍ ബത്തേരി: ഒരുമാസത്തിനിടെ ബത്തേരി മേഖലയില്‍ വാഹനാപകടത്തില്‍ മരിച്ചത് നാലു പേര്. മൂന്നു പേര് കെ.എസ്.ആര്.ടി.സി ബസ് തട്ടി മരിക്കുകയും ഒരാള്‍ ഇരുചക്ര വാഹനം തട്ടിയുമാണ് മരിച്ചത്. കഴിഞ്ഞ മാസം 11ന് ബത്തേരി ട്രാഫിക് ജങ്ഷന് സമീപം രാത്രി കെ.എസ്.ആര്.ടി.സി തട്ടി മമ്മു എന്നയാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ഇയാളെ ബത്തേരി പൊലിസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്തെങ്കിലും 26ന് ഇയാള്‍ മരിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെ നടന്ന മറ്റൊരു അപകടത്തില്‍ ഒരു ബൈക്ക് യാത്രികന് മരിച്ചിരുന്നു. ബത്തേരി ചുങ്കത്ത് കെ.എസ്.ആര്.ടി.സി ബസ് എതിരേവന്ന ഇരുചക്രവാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ചീരാല്‍ നമ്പ്യാര്‍കുന്ന് സ്വദേശി പള്ളിക്കുത്ത് ലാല്പ്രമോദാണ് മരിച്ചത്.തുടര്‍ന്ന് ഒക്ടോബര്‍ എട്ടിന് ബത്തേരി പാട്ടവയല്‍ റൂട്ടില്‍ പുത്തന്‍കുന്ന് കോടതിപ്പടിക്ക് സമീപം കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മൂലങ്കാവ് മലേക്കുടി രാജന്റെ മകന് ബേസില്‍ മരിച്ചിരുന്നു.
ഒടുവിലായി നായ്ക്കട്ടിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരേ വന്ന ഇരുചക്രവാഹനം തട്ടി ഗരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയും മരിച്ചു. മാതമംഗലം ഗവ. ഹൈസ്കൂള്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയും നായ്ക്കട്ടി കോഴിക്കാവില്‍ ഹുസൈന് ആമിന ദമ്പതികളുടെ മകനുമായ മുഹമ്മദ് അജ്മല്‍ ആണ് ചികിത്സയ്ക്കിടെ ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ടത്. ഇതോടെ ബത്തേരി മേഖലയില്‍ ഒരുമാസത്തിനിടെ മരിച്ചവരുടെ എണ്ണം നാലായി. അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."