ബൈക്കുകളില്‍ മരണപ്പാച്ചില്‍; നടപടിയെടുക്കാതെ പൊലിസ്
ആലപ്പുഴ: ഫ്രീക്കന്‍മാരുടെ മരണപ്പാച്ചില്‍ നിരത്തുകളില്‍ പതിവ് കാഴ്ച. സൈലന്‍സറില്‍ നിന്ന് പടക്കംപൊട്ടുന്ന ശബ്ദം കേള്‍പ്പിച്ച് പായുന്നവര്‍ക്കെതിരേ നടപടിയെടുക്കാതെ ഹെല്‍മെറ്റ് വേട്ടയില്‍ മാത്രമാണ് പൊലീസിന്റെ ശ്രദ്ധ.രാവിലെയും വൈകുന്നേരവും റോഡുകളില്‍ തിരക്കേറിയ സമയത്താണ് ചെത്തു ബൈക്കുകളുമായി ഫ്രീക്കന്‍മാരുടെ പ്രകടനം. 18നും 25നും മദ്ധ്യേ പ്രായമുള്ളവരാണ് ഇവരിലേറെയും. കൂടാതെ രാത്രിസമയത്തും വെടിക്കെട്ട് ശബ്ദത്തോടെ ദേശീയപാതയിലൂടെ പായുന്നതും നിത്യക്കാഴ്ചയാണ്.
ഇത്തരത്തിലുള്ള ബൈക്ക് അപകടങ്ങളും മരണനിരക്കും അടിക്കടി വര്‍ദ്ധിച്ചിട്ടും നടപടികള്‍ കടലാസില്‍ തന്നെ.
മോടി പിടിപ്പിച്ച മോട്ടോര്‍ വാഹനങ്ങള്‍ക്കും ചെത്തു ബൈക്കുകള്‍ക്കുമെതിരേ നടപടിയെടുക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പാലിക്കപെടുന്നില്ല. ഭേദഗതി ചെയ്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ്, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നു കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും നിലവില്‍ ഹെല്‍മെറ്റ് വേട്ടയില്‍ മാത്രമാണ് അധികൃതര്‍ക്ക് താല്‍പര്യം. സൈലന്‍സറും മഡ്ഗാര്‍ഡും മാറ്റിയും നിലവാരമില്ലാത്ത ചെറിയ ഹാന്‍ഡില്‍ പിടിപ്പിച്ചും ബൈക്കുകള്‍ക്കു ഗ്ലാമര്‍ കൂട്ടുന്നത് അനുവദിച്ചുകൂടെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
പരിശോധന നിലച്ചതോടെ വീണ്ടും ഇത്തരത്തിലുള്ള ബൈക്കുകള്‍ നിരത്തുകള്‍ കൈയടക്കി തുടങ്ങിയിട്ടുണ്ട്. ബൈക്കിനു ഗ്ലാമര്‍ കൂട്ടാന്‍ സൈലന്‍സറും മഡ്ഗാര്‍ഡും സാരിഗാര്‍ഡ് വരെയും മാറ്റുന്നതു ഫാഷന്‍ ആയിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇല്ലാത്ത ഭേദഗതിയാണിവ. അശാസ്ത്രീയമായി രൂപമാറ്റം വരുത്തുന്നത് അപകടത്തിന് ആക്കംകൂട്ടുന്നു.
ഓട്ടോമോട്ടീവ് റിസര്‍ച്ച് ഇന്ത്യയുടെ അംഗീകരത്തോടെ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു പാര്‍ട്‌സില്‍ പോലും മാറ്റം വരുത്തരുതെന്നാണു നിയമം. ഇതൊക്കെ കാറ്റില്‍പ്പറത്തി ബൈക്കുകള്‍ ഏതു രൂപത്തിലേക്കും മാറ്റി കൊടുക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ സംസ്ഥാനത്ത് നിരവധിയുണ്ട്. അനധികൃത പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടകളും ഒട്ടേറെയുണ്ട്.
രക്ഷിതാക്കളുടെ സമ്മതത്തോടെയാണു കൗമാരക്കാരില്‍ പലരും ബൈക്കുകള്‍ രൂപമാറ്റം വരുത്തുന്നത്. രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ പിടികൂടിയാല്‍ ഇവ പൂര്‍വ സ്ഥിതിയിലാക്കി ആര്‍ടി ഓഫിസില്‍ ഹാജരാക്കാമെന്ന വ്യവസ്ഥയോടെയാണു വിട്ടു കൊടുക്കുന്നത്. രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യല്‍, ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍, പിഴ ഈടാക്കല്‍ തുടങ്ങിയ ശിക്ഷകള്‍ നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അധികൃതര്‍ അയഞ്ഞതോടെ ഇടവേളയ്ക്ക് ശേഷം ബൈക്കുകള്‍ മരണപാച്ചിലുമായി നിരത്തുകള്‍ കൈയടക്കി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."