എടച്ചേരിയില്‍ ബോംബ് പൊട്ടി അഭിഭാഷകന് പരുക്ക്
എടച്ചേരി: എടച്ചേരി തലായിയില്‍ ബോംബ് പൊട്ടി ഗൃഹനാഥന് പരുക്ക്. തലായി കാരക്കോത്ത് മുക്കില്‍ ചുണ്ടര്‍ കണ്ടിയില്‍ അഡ്വ.കുഞ്ഞബ്ദുല്ലയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ വടകര- കുറ്റ്യാടി റോഡിനോട് ചേര്‍ന്നു കിടക്കുന്ന ഗേറ്റിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. കുറ്റിക്കാടുകള്‍ വെട്ടിമാറ്റുന്നതിനിടയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബ് മാറ്റുന്നതിനിടെ കൈയില്‍ നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
ഇന്നലെ കാലത്ത് പതിനൊന്നിനാണ് സംഭവം. ഇരുകാലിനും പരുക്കേറ്റ കുഞ്ഞബ്ദുല്ലയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞബ്ദുല്ല വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ചിതറിക്കിടന്ന ബോംബിന്റെ അവശിഷ്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
സമീപകാലങ്ങളിലായി തൂണേരിയില്‍ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നാദാപുരത്തും പരിസരങ്ങളിലും നിരവധി അക്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും എടച്ചേരി, പുറമേരി തുടങ്ങിയ പ്രദേശങ്ങള്‍ ശാന്തമായിരുന്നു. ഇവിടെ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമായിരിക്കാം സ്റ്റീല്‍ ബോംബ് ഒളിപ്പിച്ചതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."