ചോരയില്‍ മുങ്ങി നിവരുന്ന കണ്ണൂര്‍ രാഷ്ട്രീയം
ഇടക്കാല ശാന്തതയ്ക്കുശേഷം കണ്ണൂരിലെ സി.പി.എം - ബി.ജെ.പി രാഷ്ട്രീയം വീണ്ടും ചോരയില്‍ കുതിരാന്‍ തുടങ്ങിയിരിക്കുന്നു. മുമ്പ് കണ്ണൂരില്‍ ദിവസേനയെന്നോണം ഉണ്ടായിരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് അടുത്തകാലത്തായി അറുതി വന്നതായിരുന്നു. ശാശ്വതസമാധാനത്തിന്റെ തണലായിരുന്നില്ല ആ ഇടവേളയെന്നു കഴിഞ്ഞദിവസത്തെ കൊലപാതകത്തോടെ സ്ഥിരീകരിച്ചിരിക്കുകയാണ്.
പകയുടെ കനലുകള്‍ സമാധാനമെന്ന മിഥ്യയുടെ ചാരത്തില്‍ മൂടിക്കിടക്കുകയായിരുന്നുവെന്നുവേണം മനസിലാക്കാന്‍. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്തു പടുവിലാല്‍ ലോക്കല്‍ കമ്മിറ്റിയംഗവും വാളിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുഴിച്ചാലില്‍ മോഹനനാണ് കൊല്ലപ്പെട്ടത്. പട്ടാപകല്‍ ഒരുസംഘമാളുകള്‍ മോഹനനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മൂന്നുമാസംമുമ്പ് ജൂലൈ 12 നു പയ്യന്നൂരില്‍ നടന്ന രണ്ട് അക്രമസംഭവങ്ങളില്‍ സി.പി.എം പ്രവര്‍ത്തകനായ ധനരാജും ബി.എം.എസ് പ്രവര്‍ത്തകനായ രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. മെയ് 31 ന് ഏഴു വയസ്സുകാരനെ സ്വന്തം അമ്മാവന്‍ തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചതും കണ്ണൂരിലായിരുന്നു. ഇരിട്ടിയിലായിരുന്നു ഈ സംഭവം. ബി.ജെ.പി പ്രവര്‍ത്തകനായ സഹോദരീഭര്‍ത്താവിനോടുള്ള രാഷ്ട്രീയവിദ്വേഷമാണു കൊച്ചുകുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ സി.പി.എം പ്രവര്‍ത്തകനായ മനുവിനെ പ്രേരിപ്പിച്ചതെന്നാണു ആരോപണം.
കണ്ണൂരിലെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ എത്രമാത്രം പക നിറഞ്ഞതാണെന്ന് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ. സംവാദങ്ങളിലൂടെയും ജനാധിപത്യമാര്‍ഗത്തിലുള്ള ആശയവിനിമയത്തിലൂടെയുമാണ് രാഷ്ട്രീയാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടത്. എന്നാല്‍, കണ്ണൂരില്‍ അതു ചോരക്കൊണ്ടും ആയുധം കൊണ്ടുമാണു പ്രകടിപ്പിക്കുന്നത്.
എത്രെയെത്രെ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരുമാണ് കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന് ഇരയായിത്തീര്‍ന്ന് അവരവരുടെ കുടുംബങ്ങളെ അനാഥമാക്കി കടന്നുപോയത്. കൊച്ചുകുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണികളായ കുടുംബനാഥന്മാരെ മരണത്തിന്റെ വായിലേയ്ക്കു വലിച്ചെറിയുന്ന കഠാരരാഷ്ട്രീയത്തിന് എന്നാണ് കണ്ണൂരില്‍ അറുതിവരിക.
നേതാക്കള്‍ക്കളേക്കാള്‍ അണികളാണ് ഈ വിഷയത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടത്. അക്രമസംഭവങ്ങളില്‍ നേതാക്കള്‍ക്കോ അവരുടെ മക്കള്‍ക്കോ ഒന്നും സംഭവിക്കുന്നില്ല. പോറല്‍ പോലുമേല്‍ക്കുന്നില്ല. മാരകമായ പരിക്കേറ്റ് അംഗഭംഗം വന്നു നരകിക്കുന്നത് പാവപ്പെട്ട പ്രവര്‍ത്തകരാണ്. അക്രമസംഭവങ്ങളില്‍ ഒരു മരണമുണ്ടാകുമ്പോള്‍ അനാഥമാക്കപ്പെടുന്നത് പാവപ്പെട്ട ആ പ്രവര്‍ത്തകന്റെ ഭാര്യയും മക്കളുമാണ്. അപ്പോഴും നേതാക്കളുടെയും മന്ത്രിമാരുടെയും മക്കള്‍ സര്‍ക്കാര്‍ ലാവണങ്ങളിലെ താക്കോല്‍ സ്ഥാനങ്ങളില്‍ ഉപവിഷ്ടരാകുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.
അണികള്‍ എന്നും രക്തസാക്ഷികളായിത്തീരാന്‍ വിധിക്കപ്പെട്ടവരാണോ. അവരുടെ വിയോഗങ്ങള്‍ ഹര്‍ത്താലാചരണങ്ങളില്‍ അവസാനിക്കേണ്ടതാണോ. കുഴിച്ചാലില്‍ മോഹനന്റെ കൊലപാതകത്തെത്തുടര്‍ന്നു കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. കഴിഞ്ഞ ജൂലൈ മാസത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും ഇതുപോലെ പയ്യന്നൂരില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
ഹര്‍ത്താല്‍ ആചരണങ്ങള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടു പരിഹരിക്കാനാകുന്നുണ്ടോ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍. കൊലപാതകങ്ങള്‍ക്കു പിറകെ അനുഷ്ഠാനംപോലെ ഹര്‍ത്താലുകള്‍ ആചരിക്കപ്പെടുന്നതുകൊണ്ട് എന്തു പ്രയോജനം. മരിച്ചവരുടെ കുടുംബത്തിന് അതുകൊണ്ട് എന്തു ശാന്തി കിട്ടാനാണ്.
ശാന്തിയും സമാധാനവുമാണ് ഏതൊരു സമൂഹവും ആഗ്രഹിക്കുക. അവിടെ പകയുടെ വിത്തുകള്‍ വിതറുന്നതു രാഷ്ട്രീയലാഭമോഹത്തോടെയാണെന്ന് അണികള്‍ മനസ്സിലാക്കണം. ആശയങ്ങള്‍ പരസ്പരം വകവരുത്താനുള്ളതല്ല. ആശയങ്ങളും നിലപാടുകളും ഭ്രാന്താവേശമാകുമ്പോഴാണു കൊലപാതകപരമ്പരകള്‍ ഉണ്ടാകുന്നത്. നിര്‍ഭാഗ്യവശാല്‍ കണ്ണൂര്‍ രാഷ്ട്രീയത്തിനു സംഭവിക്കുന്നതും ഇതാണ്. രാഷ്ട്രീയസംഘട്ടനങ്ങളും കൊലപാതകങ്ങളും നിത്യേനയെന്നോണം കണ്ണൂരിലുണ്ടാകുമ്പോള്‍ കണ്ണൂര്‍ സംസ്ഥാനത്തിന്റെ വികസന ഭൂപടത്തില്‍നിന്നു നിഷ്‌കാസനം ചെയ്യപ്പെടുകയാണ്.
കണ്ണൂരിന്റെ മുഖച്ഛായ മാറ്റാനുതകുന്ന അന്താരാഷ്ട്രവിമാനത്താവളവും അഴീക്കല്‍ തുറമുഖവികസനപ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാര്‍ കണ്ണൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഫാര്‍മ പാര്‍ക്കുമൊക്കെ കഠാരരാഷ്ട്രീയത്തിന്റെ തിരിച്ചുവരവോടെ സ്തംഭിക്കാനുള്ള സാധ്യതയേറെയാണ്. ഇത്തരം ഒരു ജില്ലയില്‍ നിക്ഷേപമിറക്കുവാനും വന്‍തോതില്‍ മുതല്‍മുടക്കു നടത്തി വ്യവസായങ്ങള്‍ ആരംഭിക്കുവാനും ആരും തയ്യാറാവുകയില്ല. 5000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ബജറ്റില്‍ കണ്ണൂരിനുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ നീക്കിവച്ചത്.
ജൂലൈ മാസത്തില്‍ അര്‍ധരാത്രിയോടെ പയ്യന്നൂരിലുണ്ടായ ഇരട്ടകൊലപാതകത്തെ തുടര്‍ന്നാണ് കണ്ണൂര്‍ വീണ്ടും അശാന്തിയിലേയ്ക്ക് എടുത്തെറിയപ്പെട്ടത്. തുടര്‍ന്നു വീടുകള്‍ക്കും കടകള്‍ക്കും നേരെയുണ്ടായ വ്യാപകമായ അക്രമം കണ്ണൂര്‍ പഴയകാല അക്രമരാഷ്ട്രീയത്തിലേയ്ക്കു തിരിച്ചു ടക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ചു. ആ ധാരണ അരക്കിട്ടുറപ്പിക്കുന്നതായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലില്‍ മോഹനന്റെ കൊലപാതകം. പാര്‍ട്ടി നേതാക്കളുടെ ആത്മാര്‍ത്ഥമായ കൂട്ടായ്മയില്‍ രൂപപ്പെടേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയാകേണ്ടതു കണ്ണൂരിലെ സമാധാനപൂര്‍വമായ അന്തരീക്ഷമാണ്.
പക്വതയുള്ള രാഷ്ട്രീയസമീപനം കണ്ണൂര്‍ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. അതു സാധിപ്പിച്ചു കൊടുക്കേണ്ട നേതാക്കള്‍ പത്രപ്രസ്താവനകളിലൂടെ കടമകള്‍ തീര്‍ക്കുകയാണ്. പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകനായ ധനരാജും ബി.എം.എസ് പ്രവര്‍ത്തകനായ രാമചന്ദ്രനും ഒരേദിവസം കൊല്ലപ്പെട്ടപ്പോള്‍ മേലില്‍ അക്രമം പടരുവാന്‍ അനുവദിക്കുകയില്ലെന്നും രാഷ്ട്രീയകൊലപാതകങ്ങള്‍ നിയന്ത്രിക്കുവാന്‍ പ്രത്യേകസംഘത്തെ രൂപീകരിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹറ പ്രസ്താവിച്ചിരുന്നു. ആ പ്രസ്താവനയ്ക്കനുസൃതമായ പ്രവര്‍ത്തനങ്ങള്‍ പിന്നീടുണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞദിവസം മോഹന്റെ ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു. തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ കുടുംബം അനാഥമാകുകയില്ലായിരുന്നു.
കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം ഒരു കുടുംബത്തെ കൂടി അനാഥമാക്കിയെന്നതിലപ്പുറം ആര് എന്തു നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."