ജി.സി.സി രാജ്യങ്ങള്‍ക്കുള്ള ഏകീകൃത മൂല്യവര്‍ധിത നികുതിക്ക് സഊദി മന്ത്രിസഭയുടെ അംഗീകാരം
ജിദ്ദ: ജി.സി.സി രാജ്യങ്ങള്‍ക്കുള്ള ഏകീകൃത മൂല്യവര്‍ധിത നികുതിക്ക് സഊദി മന്ത്രിസഭയുടെ അംഗീകാരം. ജി.സി.സി സാമ്പത്തിക സമിതിയില്‍ ഇതിന്റെ കരാറുകള്‍ ചര്‍ച്ച ചെയ്യും. നിയമനടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കരാറില്‍ ഒപ്പിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഇരട്ട നികുതി ഒഴിവാക്കാനായി വെനിസ്വേലയുമായി കരാറില്‍ ഒപ്പിടുമെന്നും ധനകാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
അതിനിടെ സമാധാന ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ഉപയോഗിക്കാനുളള അവകാശം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ഉപയോഗിക്കാനുളള അവകാശം ന്യായമാണ്. ഇത് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തിലും നിലവാരത്തിലും ഉപയോഗിക്കണം. ആഭ്യന്തര കലഹം രൂക്ഷമായ സിറിയയിലെ അലപ്പോ നഗരത്തിലെ സ്ഥിതിഗതികള്‍ അറബ് ലീഗിന്റെ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും യോഗത്തില്‍ വിലയിരുത്തി. സിറിയയില്‍ രാസായുധം ഉപയോഗിക്കുന്നത് തടയുന്നതിനുള്ള കരാര്‍ പ്രയോഗത്തില്‍ കൊണ്ടുവരണമെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ സഊദി ആവശ്യപ്പെടും.
സിറിയന്‍ ജനതയ്‌ക്കൊപ്പം അറബ് ലോകം ഉറച്ചു നില്‍ക്കണം. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും സാധാരണ ജനങ്ങളെ സഹായിക്കുന്നതിനും രാജ്യാന്തര സമൂഹം സാധ്യമായ പരിശ്രമം നടത്തണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."