പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം പുതിയ നിര്‍ദേശം ചെറുകിട വ്യാപാരികള്‍ക്ക് തിരിച്ചടിയാകും
മലപ്പുറം: സംസ്ഥാനത്തു പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടു സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം ചെറുകിട വ്യാപാരികള്‍ക്കും തെരുവുകച്ചവടക്കാര്‍ക്കും തിരിച്ചടിയാകും. കച്ചവട സാധനങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ വിതരണം ചെയ്യുന്ന വ്യാപാരികളും കച്ചവടക്കാരും നിര്‍ബന്ധമായും അതതു തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം.
ഒരു മാസം കുറഞ്ഞത് 4,000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48,000 രൂപ പ്ലാസ്റ്റിക് മാലിന്യപരിപാലനത്തിനുള്ള തുകയായി ഈടാക്കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുസംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ അടിയന്തര വിജ്ഞാപനം പുറപ്പെടുവിപ്പിക്കും. ഇതിനു പുറമേ, ക്യാരിബാഗുകളുടെ ഉപയോഗം വര്‍ധിക്കുന്നതായി കണ്ടെത്തിയാല്‍ വ്യാപാരികളില്‍നിന്ന് ഉപയോഗത്തിന്റെ തോതനുസരിച്ചു കൂടുതല്‍ തുക പരിപാലന ഫീസായി പഞ്ചായത്തുകള്‍ക്ക് ഈടാക്കാമെന്നും നിര്‍ദേശമുണ്ട്.
വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗവും ഇതുമുലമുണ്ടാകുന്ന മാലിന്യപ്രശനങ്ങളും കൂടിയ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ നടപടി. വില്‍പന സാധനങ്ങള്‍ 50 മൈക്രോണില്‍ കുറയാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകളില്‍ മാത്രമേ വിതരണം ചെയ്യാവൂ. ക്യാരിബാഗുകള്‍ക്കു വില ഈടാക്കുന്നതാണെന്ന വിവരം വ്യക്തമായ രീതിയില്‍ കച്ചവട സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. മാലിന്യപരിപാലന ഫീസായി ലഭിക്കുന്ന തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ അധികാരപരിധിയില്‍ മാലിന്യ പരിപാലന സംവിധാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണം.
നിര്‍ദേശം ചെറുകിട വ്യാപാരികള്‍ക്കും തെരുവു കച്ചവടക്കാര്‍ക്കും തിരിച്ചടിയാകുമെങ്കിലും പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ തീരുമാനപ്രകാരം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വരുമാന വര്‍ധനവുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."