മുഖ്യമന്ത്രിയുടെ നാട്ടില്‍ ചോരയൊഴുകുന്നു
കണ്ണൂര്‍: ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ ചോരയൊഴുകുന്നു. കൂത്തുപറമ്പിനടുത്തെ പാതിരിയാട് സി.പി. എം ബ്രാഞ്ച് സെക്രട്ടറി വാളാങ്കിച്ചാല്‍ കുഴിച്ചാലില്‍ മോഹനന്‍ ജോലിചെയ്യുന്ന കള്ളുഷാപ്പില്‍വച്ചു വെട്ടേറ്റു മരിച്ചിരുന്നു. ഇതുകഴിഞ്ഞ് 48 മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകനും ചെങ്കല്‍ ലോറി ഡ്രൈവറുമായ രമിത്തിനെ വെട്ടിക്കൊന്നത്. ഇന്നലെ രാവിലെ നടന്ന അരുംകൊല മുഖ്യമന്ത്രിയുടെ വീട് സ്ഥിതിചെയ്യുന്ന പിണറായിലും പരിസരത്തും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫ് വിജയം നേടിയതിനെ തുടര്‍ന്നു നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ മുഖ്യമന്ത്രിയുടെ വീടിനു തൊട്ടടുത്തുള്ള പുത്തന്‍കണ്ടത്തുവച്ചുണ്ടായ ബോംബേറില്‍ നിയന്ത്രണംവിട്ട വാഹനമിടിച്ചു സി.പി.എം പ്രവര്‍ത്തകനായ ചേരിക്കലിലെ രവീന്ദ്രന്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ പുത്തന്‍കണ്ടത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. ഇതിനുശേഷം കോട്ടയം പൊയിലിലെ ദീക്ഷിതെന്ന ആര്‍.എസ്.എസുകാരന്‍ ബോംബ് നിര്‍മാണത്തിനിടെ വീടിനകത്തു ബോംബ് പൊട്ടിത്തെറിച്ചു മരിച്ചു. തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിജേഷിനെയും സി.പി.എമ്മുകാരെന്ന് ആരോപിക്കപ്പെടുന്ന സംഘം വെട്ടിക്കൊന്നു. പയ്യന്നൂര്‍ കുന്നരുവും ഒരു സി.പി.എം പ്രവര്‍ത്തകനും ഒരു ബി.എം.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇങ്ങനെ കഴിഞ്ഞ നൂറു ദിവസത്തിനിടയില്‍ അഞ്ചുപേരാണ് കൊലക്കത്തി രാഷ്ട്രീയത്തിനിരയായത്.
കൂടാതെ പയ്യന്നൂരിലും പിണറായിയിലും തലശ്ശേരിയിലും കൂത്തുപറമ്പിലും നിരവധി വീടുകള്‍ തകര്‍ത്തു. നിരവധിയാളുകള്‍ക്ക് വെട്ടേറ്റു. പലരും ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സാധാരണയായി പൊലിസും ജില്ലാ ഭരണകൂടവും സമാധാന യോഗം വിളിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ സമാധാനം പാലിക്കാറുണ്ട്. ഇക്കുറി അതുണ്ടായില്ലെന്നു മാത്രമല്ല, സമാധാന യോഗതീരുമാനങ്ങളുടെ മഷി ഉണങ്ങുന്നതിനു മുന്‍പുതന്നെ കൊലക്കത്തി ഉയര്‍ന്നു.
ജില്ലാ പൊലിസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുദീന്‍ അവധിയില്‍ പ്രവേശിച്ച സമയത്താണ് വീണ്ടും രാഷ്ട്രീയ കൊലപാതകം നടന്നത്. വയനാട് എസ്.പി കാര്‍ത്തിക്കിനാണ് കണ്ണൂരിന്റെ അധിക ചുമതല. സഞ്ജയ് കുമാര്‍ ഇന്നു ജോലിയില്‍ പ്രവേശിക്കും. കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുസ്വീകരിച്ച സഞ്ജയ്കുമാറിനെ ബി.ജെ.പി പക്ഷപാതിയെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വിശേഷിപ്പിച്ചത്. ഇദ്ദേഹത്തെ മാറ്റാനുള്ള ശ്രമവുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."