പ്രവാസി സ്‌നേഹം കൊല്ലാക്കൊലയാകരുത്
ഗള്‍ഫുകാരോട് പ്രത്യക്ഷത്തില്‍ എല്ലാവര്‍ക്കും സ്‌നേഹമാണ്. വീട്ടുകാരെയും ബന്ധുക്കളെയുമെല്ലാം തോല്‍പ്പിച്ചുകളയുന്ന സ്‌നേഹ പ്രകടനമാണ് ചിലപ്പോള്‍ ജാതി മത കക്ഷി രാഷ്ട്രീയ സംഘടനാ നേതാക്കളും ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളും എന്നുവേണ്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍വരെ പ്രകടിപ്പിക്കുന്നത്.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണസംവിധാനം, തൊഴില്‍ , കുടിയേറ്റ നിയമങ്ങള്‍, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ നിജസ്ഥിതിയും മനസ്സിലാക്കാതെയുള്ള ആളിക്കത്തല്‍ കൊല്ലാകൊലയായിമാറും.
അസത്യങ്ങളും അര്‍ധസത്യങ്ങളുമായ പ്രചാരണങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരായ വിദേശമലയാളികള്‍, തങ്ങളുടെ കാര്യത്തില്‍ നാട്ടുകാര്‍ പ്രകടിപ്പിക്കുന്ന ആവേശത്തില്‍ ആഹ്ലാദിക്കുകയല്ല, നേരേമറിച്ച് അറബ് ഭരണാധികാരികളെ പ്രകോപിപ്പിക്കുന്ന പ്രചാരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയിലും വേവലാതിയിലുമായിരിക്കും അവര്‍. വീട്ടില്‍ അടുപ്പില്‍ തീ പുകയ്ക്കാനുള്ള മാര്‍ഗം നിന്നുപോകുമോ ഈ പേക്കൂത്തുകാരണം എന്ന ഭീതിയാണവര്‍ക്ക്.
സഊദി അറേബ്യയിലെ ഒരു സ്വകാര്യ കമ്പനിയിലുണ്ടായ തൊഴില്‍ പ്രശ്‌നം നാട്ടിലുണ്ടാക്കിയ പ്രതികരണങ്ങള്‍ ആരും മറക്കാനായിട്ടില്ല. കിട്ടിയ അവസരം പാഴാക്കാതെ തങ്ങളാണ് പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവുംകൂടുതല്‍ പ്രതിജ്ഞാബദ്ധരെന്ന് തെളിയിക്കാനുള്ള വ്യഗ്രതയായിരുന്നു നാട്ടിലെങ്ങും.
നിയലംഘകരായി കഴിയുന്നവര്‍ക്ക് ശിക്ഷാ നടപടികളൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അറബ് രാജ്യങ്ങള്‍ നല്‍കുന്ന സുവര്‍ണാവസരമായ പൊതുമാപ്പ് (ആംനസ്റ്റി), സഊദി അറേബ്യയിലെ നിതാഖാത്ത്(സ്വദേശിവല്‍ക്കരണം), കുവൈത്തിലെയും സൗദിയിലെയും ഒമാനിലെയും യു.എ.ഇയിലെയുംമറ്റും തൊഴില്‍ പ്രശ്‌നങ്ങള്‍... തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം സത്യാവസ്ഥ അറിയാതെയുള്ള പ്രതികരണങ്ങളും ചര്‍ച്ചകളും മറുപടിയും മറുപടിക്ക് മറുപടിയുമൊക്കെയായി നാട്ടില്‍ അരങ്ങു തകര്‍ക്കുകയായിരുന്നു. പ്രശ്‌നബാധിതരുടെ എണ്ണം ആയിരം മടങ്ങ് പെരുപ്പിച്ചാണ് പലരും പ്രവാസികളോടുള്ള സ്‌നേഹവും കൂറും പ്രകടിപ്പിക്കുക..
അടുത്തകാലത്തുണ്ടായ ഒന്നുരണ്ട് ഉദാഹരണം പറയാം, സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണനിയമം പ്രഖ്യാപിച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം ലക്ഷങ്ങളിലായിരുന്നു ഇവിടെ പ്രചരിപ്പിച്ചത്. വാര്‍ത്തകള്‍ കണ്ടും കേട്ടും നാടാകെ അസ്വസ്ഥരായി. നേതാക്കളുടെ ചര്‍ച്ച പുനരധിവാസത്തെക്കുറിച്ചായി. എങ്ങിനെ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കും ലക്ഷക്കണക്കിനാളുകളല്ലേ തിരിച്ചുവരുന്നത്. ഇവരെ എവിടെ കുടിയിരുത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി.അങ്ങിനെ നീണ്ടുപോയി വാദവിവാദങ്ങളും ചര്‍ച്ചകളും.
എന്നാല്‍ സംഭവിച്ചതോ, ഇരുപത്തി അയ്യായിരത്തില്‍ താഴെ മലയാളികളാണ് ഔദ്യോഗിക കണക്കനുസരിച്ച് സ്വദേശിവല്‍ക്കരണത്തിലൂടെ മടങ്ങിയെത്തിയത്. ഇതില്‍ കുറേപേര്‍ ഉടനെ തിരിച്ചുപോവുകയും ചെയ്തു. എവിടെയെത്തി നമ്മുടെ കണക്കുകൂട്ടലും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസം.
സഊദി അറേബ്യയിലെ ഒരു പ്രമുഖ കമ്പനിയില്‍ ഈയ്യിടെ തൊഴില്‍ പ്രശ്‌നത്തില്‍ കുടുങ്ങിയ മലയാളികളുടെ എണ്ണം ആയിരക്കണക്കിനെന്നാണ് പലരും തുടക്കത്തില്‍ ധരിപ്പിച്ചത്. പിന്നീടത് എഴുനൂറായി, പിന്നെയത് മൂന്നൂറായി. കൃത്യമായ എണ്ണം അറിവായിട്ടില്ലെന്നാണ് അവസാനം എത്തിയിരിക്കുന്നത്. ഇതോടൊപ്പം മടങ്ങിവരുന്ന ഇന്ത്യക്കാരും വലിയ ചര്‍ച്ചയായിരുന്നു, അടുത്തുചെന്നപ്പോള്‍ അവര്‍ പറഞ്ഞു, ഞങ്ങള്‍ അധികപേരും മടങ്ങുന്നില്ല, ഇവിടെത്തന്നെ പുതിയ ജോലി കണ്ടെത്തി നില്‍ക്കുകയാണെന്ന്.
വസ്തുത മനസ്സിലാക്കാതെ അതിശയോക്തി കലര്‍ത്തിയ ഈ തട്ടിവിടല്‍ നമ്മുടെ നാട്ടില്‍ വലിയ പ്രശ്‌നമല്ലായിരിക്കാം. പക്ഷേ ഗള്‍ഫിലെ അവസ്ഥ വേറെയാണ്. സര്‍വ്വതന്ത്ര സ്വതന്ത്രരായി കഴിയുന്ന ജനാധിപത്യ മതേതരത്വ രാജ്യത്തെപ്പോലെ രാജ ഭരണം നിലനില്‍ക്കുന്ന ഗള്‍ഫിനെ കാണുന്നത് വലിയ അപകടമാണ്. കുടിയേറ്റ, തൊഴില്‍ നിയമലംഘകരെ നിലവിളികേട്ട് സര്‍ക്കാറുകളെ പ്രതികളാക്കിയുള്ള സ്‌നേഹപ്രകടനം ഗള്‍ഫ് രാജ്യങ്ങളുടെ കാര്യത്തില്‍ വമ്പിച്ച പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിക്കും. ക്രിയാത്മകവും സൗഹൃദപരവുമായ സമീപനമാകും അഭികാമ്യം.
ഗള്‍ഫില്‍ പ്രശ്‌നങ്ങളും വെല്ലുവിളികളും ഇല്ലെന്നല്ല, എല്ലാറ്റിനും കാരണം തൊഴിലാളികളാണെന്നോ തൊഴില്‍നിയമ ലംഘനമാണെന്നും പറഞ്ഞുകൂടാ. എന്നാല്‍ അറിവില്ലായ്മകൊണ്ടോ നിയമലംഘനം നിസാരമായികണ്ടിട്ടോ നിവൃത്തിയില്ലായ്മകൊണ്ടോ പ്രശ്‌നങ്ങളില്‍പെട്ട് സഹായഹസ്തം തേടുന്ന പാവങ്ങളാണേറെയും. ഇത് മനസ്സിലാക്കിവേണം പ്രതികരിക്കാനും പരിഹാരമാര്‍ഗം ആലോചിക്കാനും.
പ്രശ്‌നങ്ങള്‍ക്കുത്തരവാദി അവിടത്തെ സര്‍ക്കാറായിരിക്കില്ല. മിക്കവാറും സ്വകാര്യ സ്ഥാപനങ്ങളോ മലയാളികള്‍ ഉല്‍പ്പെടെയുള്ള വിദേശികളോ ആയിരിക്കും . അപൂര്‍വ്വമായി സ്വദേശികളും പ്രതിപ്പട്ടികയില്‍ വരാറുണ്ട്. ആരായാലും സര്‍ക്കാര്‍ നിയമാനുസൃതമായി നേരിടും.
അതിനാല്‍ ഏത് നിലക്കായാലും പ്രശ്‌നങ്ങള്‍ പര്‍വ്വതീകരിക്കുന്നത് അതൃപ്തിക്കിടവരുത്തും. സൗദി തൊഴില്‍മന്ത്രാലയം മക്ക റീജ്യണല്‍ ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഒലയ്യാനും ജിദ്ദ ഇന്ത്യ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാനുമുള്‍പ്പെടെ സഊദിയില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന പ്രമുഖര്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ പര്‍വ്വതീകരിച്ച വാര്‍ത്തകളില്‍ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു.
വിദേശികള്‍ നടത്തിവരുന്ന കമ്പനികളിലെ നിയമവിരുദ്ധവും തൊഴിലാളികള്‍ക്ക് പ്രതികൂലവുമായ സാഹചര്യവും അവിടത്തെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സര്ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് ന്യായവുമല്ല.
ഇരുപത് ലക്ഷത്തിലേറെ മലയാളികള്‍ സമാധാനത്തോടെ തൊഴിലെടുത്ത് കഴിയുന്ന രാജ്യമാണ് സൗഊദി അറേബ്യ. യു.എ.ഇയിലും ഖത്തറിലും ഒമാനിലും ബഹറൈനിലും കുവൈത്തിലുമെല്ലാം ലക്ഷക്കണക്കിന് മലയാളികളുണ്ട്. അവരില്‍ ഏറെയും സമാധാനത്തോടും സന്തോഷത്തോടുംകൂടിയാണ് കഴിയുന്നത്.
അറബ് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളാകട്ടെ, വിദേശികളുടെ കാര്യത്തില്‍ അനുഭാവപൂര്‍വ്വവും പ്രതിജ്ഞാബദ്ധതയോടുംകൂടി ഇടപെടുന്നവരാണ് കേരളത്തിലെപ്പോലെ .സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ശക്തിയും ബഹളവുമല്ല മാനദണ്ഢം. നിയമത്തിനുമുമ്പില്‍ വിദേശിയും സ്വദേശിയും തുല്യാരാണ്.
സഊദിയിലുണ്ടായ തൊഴില്‍ പ്രശ്‌നത്തില്‍ തൊഴിലാളികളുടെ ശമ്പള കുടിശികയടക്കമുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പത്ത് കോടി റിയാല്‍ (177.80 കോടി രൂപ)യാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുവദിച്ചത്.. ദുരിതത്തിലായവരെ സഹായിക്കാന്‍ ആവശ്യമായ നടപടികളെല്ലാം അടിയന്തരമായി ചെയ്യണമെന്നും എല്ലാവര്‍ക്കും മുഴുവന്‍ ശമ്പളവും ലഭിച്ചെന്ന് ഉറപ്പ് വരുത്തണമെന്നും തൊഴില്‍ മന്ത്രാലയത്തിന് രാജാവ് നിര്‍ദേശം നല്‍കി.തൊഴിലാളികള്‍ക്ക് നിയമ സഹായം, നാട്ടിലേക്ക് മടങ്ങുന്നതുവരെ താമസം, ഭക്ഷണം, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉടന്‍ എക്‌സിറ്റ് വിസ, തുടങ്ങി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കു എയര്‍ലൈന്‍സ് ക്രമീകരണംവരെ അവര്‍ ഉറപ്പാക്കി. പുതിയ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും നേരത്തേ സംവിധാനിച്ചുക്കഴിഞ്ഞു. ഒരു രാജ്യത്തുനിന്ന് ഇതിലപ്പുറം എന്താണ് ലഭിക്കേണ്ടത്.
ഈ ഭരണാധികാരികളെയും രാജ്യത്തേയും അഭിനന്ദിക്കാന്‍ മലയാളത്തില്‍ വാക്കുകളുണ്ടോ അതെയമയം, തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിയവരില്‍ കൂടുതല്‍പേരും സഊദിയില്‍ തുടരാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. കേരളത്തിലേക്കുള്‍പ്പെടെ തിരിച്ചുവരാനല്ല. ഇതുതന്നെപോരേ ആ രാജ്യത്തോട് വിദേശികള്‍ക്കുള്ള ബന്ധവും മതിപ്പും സുരക്ഷാബോധവും മനസ്സിലാക്കാന്‍
ഇതിനിടെ കുഴിയാനയെ വലിയ കൊമ്പനാനയാക്കി ചിത്രീകരിച്ച് അവസാനം കുഴിയാനയെന്ന് ബോധ്യപ്പെടുത്തുമ്പോഴേക്ക് പരിഹരിക്കാനാവാത്ത പ്രത്യാഘാതങ്ങള്‍ സംഭവിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
വിദേശികളോട് വളരെയധികം സ്‌നേഹത്തോടെ ഇടപെടുന്നവരാണ് അറബ് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ എന്ന വസ്തുത യഥാവിധി മനസ്സിലാകാന്‍ ഒരിക്കലെങ്കിലും ഗള്‍ഫ് സന്ദര്‍ശിക്കണം. അല്ലെങ്കില്‍ വിദേശമലയാളികളുമായി കൂടിയിരുന്ന് സംവദിക്കുകയെങ്കിലും വേണം.
വിദേശതൊഴില്‍നിയമങ്ങളും അവിടത്തെ സംസ്‌കാരവും നിയവവ്യവസ്ഥയും പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ച സാഹചര്യവും മനസ്സിലാക്കാതെ കൊടിയും വടിയുമെടുക്കുന്ന ശീലം ഗള്‍ഫുകാരുടെ കാര്യത്തില്‍ തിരിച്ചടിയാണുണ്ടാക്കുക. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശിയരും തദ്ദേശീയരും തമ്മിലുള്ള നിഷ്‌കളങ്കമായ സൗഹൃദത്തിന്റെയും ആത്മാര്‍ത്ഥമായ സ്‌നേഹബന്ധത്തിന്റെയും ഇഴകളില്‍ വിള്ളലുണ്ടാക്കുന്ന സ്‌നേഹ പ്രകടനം കൊല്ലാകൊലയായി മാരുന്നത് സൂക്ഷിക്കണം. ഇന്ത്യയെയും കേരളത്തെയുംകുറിച്ച് അറബികള്‍ക്ക് പൊതുവെ നല്ല മതിപ്പും ബഹുമാനവുമാണ്. ഇവിടെ കരിനിഴല്‍ വീഴുന്നതിനോ മറിച്ചു ചിന്തിക്കുന്നതിനോ വഴിയൊരുക്കാതിരിക്കട്ടെ നമ്മുടെ വാര്‍ത്തകളും ചര്‍ച്ചകളും പ്രതികരണങ്ങളുമെല്ലാം. പ്രവാസികളെ നാം സ്‌നേഹിച്ച് കൊല്ലാതിരിക്കുക.
(നോര്‍ക്കാ റൂട്ട്‌സ് ഗസ്റ്റ് ഫാക്കല്‍റ്റി (ഗള്‍ഫ്)യാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."