ജില്ലയില്‍ 85 പഞ്ചായത്തുകളും ഒ.ഡി.എഫ്
പാലക്കാട്: ജില്ലയിലെ 85 പഞ്ചായത്തുകളും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഇല്ലാത്ത(ഒ.ഡി.എഫ്) മേഖലകളായി പ്രഖ്യാപനം നടത്തി. ഇനി അട്ടപ്പാടി മേഖലയിലെ മൂന്നു പഞ്ചായത്തുകള്‍ കൂടി ഒ.ഡി.എഫ് ആയാല്‍ ജില്ല സമ്പൂര്‍ണ ഒ.ഡി.എഫായി പ്രഖ്യാപിക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. ഒക്‌ടോബര്‍ 15 നകം ജില്ലയെ ഒ.ഡി.എഫായി പ്രഖ്യാപിക്കുന്നതിനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം. നവംബര്‍ ഒന്നിന് കേരളം ഒ.ഡി.എഫായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.
നിലവില്‍ തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ പ്രഖ്യാപനം നടത്തി കഴിഞ്ഞു. പാലക്കാട് ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 23,131 കക്കൂസുകളാണ് സ്ഥാപിക്കേണ്ടിയിരുന്നത്. ഇതില്‍ 22,005 എണ്ണത്തിന്റെ പണി പൂര്‍ത്തിയായതായി ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ജെ. ടോമി പറഞ്ഞു.
അട്ടപ്പാടി മേഖലയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ ഒഴികെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഒ.ഡി.എഫ് പ്രഖ്യാപനം നടത്തി. അട്ടപ്പാടി മേഖലയില്‍ 4665 കക്കൂസുകളാണ് നിര്‍മിക്കേണ്ടിയിരുന്നത്. ഇതില്‍ 1802 എണ്ണമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. ചുമര്‍ നിര്‍മിക്കുന്നതിനുള്ള സിമന്റ് കല്ലുകളുടെ അഭാവവും തൊഴിലാളികളെ കിട്ടാത്തതുമാണ് ഇവിടെ പ്രധാനമായും തിരിച്ചടിയായത്.
ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ സാന്നിധ്യത്തില്‍ നേരത്തെ നടന്ന അവലോകന യോഗത്തിലും ജില്ലയുടെ ഒ.ഡി.എഫ് പ്രഖ്യാപനം ഒക്‌ടോബര്‍ 15 ന് പൂര്‍ത്തിയാക്കണമെന്ന ധാരണയിലാണ് എത്തിയിരുന്നത്.
മൊത്തം 88 പഞ്ചായത്തുകളില്‍ മൂന്നെണ്ണം ഒഴികെയുള്ളവ ലക്ഷ്യം പൂര്‍ത്തീകരിച്ചെങ്കിലും അട്ടപ്പാടി മേഖലകൂടി ലക്ഷ്യം കൈവരിച്ചാലെ പദ്ധതി പ്രഖ്യാപനം നടത്താനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."