കേന്ദ്രസര്‍ക്കാരിന്റെ ഉജ്ജ്വല്‍ യോജന പദ്ധതി തീരദേശത്തെ പഞ്ചായത്തുകളിലും
കയ്പമംഗലം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഗ്രാമീണ പാചക വാതക പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ( പി.എം.യു.വൈ) തീരദേശത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പിലാകാന്‍ ഒരുങ്ങുന്നു.
മതിലകം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെസ്റ്റ് ഗ്യാസ് ഏജന്‍സിയാണ് തീരദേശത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ദാരിദ്ര്യരേഖയില്‍ താഴെയുള്ള വനിതകള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാവുക.
ഈ പദ്ധതിയില്‍ അര്‍ഹരായവരുടെ പേരും വിവരങ്ങളും പൊതുമേഖല ഓയില്‍ കമ്പനികളുടെ വെബ്‌സൈറ്റിലും ഗ്യാസ് ഏജന്‍സികളിലും ലഭിക്കും.
ഒരു സിലിണ്ടറും റെഗുലേറ്ററും ഹോസും കണ്‍സ്യൂമര്‍ ബുക്കും ഈ പദ്ധതിയിലുള്ള ഉപഭോക്താവിന് പൂര്‍ണമായും സൗജന്യമാണ്. ഒരു സിലിണ്ടര്‍ ഗ്യാസിന്റെ വിലയും സ്റ്റൗവിന്റെ വിലയും മാത്രം ഉപഭോക്താവ് നല്‍കിയാല്‍ മതിയാവും.
ഓരോ പഞ്ചായത്തിലും അതാത് പഞ്ചായത്തിന്റെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചേറ്റുവ മുതല്‍ കോതപറമ്പ് വരെയുള്ള മുഴുവന്‍ പഞ്ചായത്തിലും ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് മതിലകത്തുള്ള ബെസ്റ്റ് ഗ്യാസ് ഏജന്‍സിയാണ്.
തീര്‍ത്തും ദാരിദ്യ്ര രേഖയില്‍ താഴെയുള്ളവര്‍ക്ക് വേണ്ടിയുള്ള പദ്ധതിയെന്ന നിലയില്‍ ഈ പദ്ധതിയുടെ വിജയത്തിന് ഏവരുടേയും സഹകരണം ആവശ്യമാണെന്ന് ബെസ്റ്റ് ഗ്യാസ് ഏജന്‍സി ( എച്ച്.പി.ഗ്യാസ്) ഡിസ്ട്രിബ്യൂട്ടര്‍ പി.എ.ഫസല്‍, മാനേജര്‍ ശ്രീജിത്ത് എസ്.എ, അഡ്മിനിസ്‌ട്രേറ്റര്‍ രമാദേവി, പദ്ധതിയുടെ കോ ഓഡിനേറ്റര്‍ മനോജ് കെ.എ.എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."