ആളിയാറില്‍ നിന്ന് ഇനി കേരളത്തിന് വെള്ളം കിട്ടില്ല ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്ന്
പാലക്കാട്:പറമ്പിക്കുളം ആളിയാര്‍ കരാറില്‍ ഉള്‍പ്പെടാത്തതും തമിഴ്‌നാട് അനധികൃതമായി നിര്‍മിച്ചതുമായ കോണ്ടൂര്‍ കനാലില്‍ നിന്നും ആളിയാര്‍ ഡാമിലേക്ക് വെള്ളം തുറന്നു വിട്ടിരുന്ന രണ്ട് സ്ലൂയിസുകള്‍ അടച്ചതോടെ ഇനി കേരളത്തിന് വെള്ളം ലഭിക്കില്ല.
ഈ കനാലിലെ17.2 ,22 കിലോമീറ്ററുകളില്‍ സ്ഥാപിച്ചിരുന്ന സ്ലൂയിസുകളാണ് അടച്ചത്. എന്നാല്‍ ഈ വിവരം കേരളത്തിലെ ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
17.2 കിലോമീറ്ററിലേത് മാസങ്ങള്‍ക്കുമുമ്പേ അടച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് ഇരുപത്തിരണ്ടാം കിലോമീറ്ററിലെ സ്ലൂയിസും അടച്ചത്. ഇതോടെ ആളിയാറില്‍ നിന്നും വെള്ളം ആവശ്യത്തിന് കിട്ടാതാവും. ഇതുവരെ ഡാമില്‍ വെള്ളം ഇല്ലെന്നു പറഞ്ഞു കേരളത്തിന് വെള്ളം തുറന്ന് വിട്ടിരുന്നില്ല. പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ 300 ഘനയടി വെള്ളം വിട്ടു നല്‍കിയിട്ടുണ്ടെങ്കിലും ഇത് ഏത് സമയത്തും നിര്‍ത്തലാക്കാനുള്ള സാധ്യതയുണ്ട്.
പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ നിന്നും ടണല്‍ വഴി സര്‍ക്കാര്‍ പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം പുറത്ത് വിടുന്ന 1330 ഘനയടി വെള്ളം ഇപ്പോള്‍ കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമില്‍ നിറച്ചുകൊണ്ടിരിക്കുകയാണ്. ഈ കനാലില്‍ നിന്നും ആളിയാറിലേക്ക് വെള്ളം തുറന്ന് വിട്ടിരുന്ന സ്ലുയിസ് സിമന്റിട്ടു സ്ഥിരമായി അടച്ചിരിക്കുകയാണ്. അതിനാല്‍ മഴക്കാലത്ത് മലനിരകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളവും ഇനി ആളിയാറിലെത്തില്ല.
കേരളത്തിന് വെള്ളം നല്‍കാതിരിക്കാനാണ് ഇവ അടച്ചതെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആനകള്‍ വിഹരിക്കുന്ന കൊടും കാടിനകത്തുകൂടിയാണ് കോണ്ടൂര്‍ കനാല്‍ കടന്നുപോകുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഈ വഴി പോകാനും, പരിശോധിക്കാനും മിനക്കെടാറില്ല. 59 കിലോമീറ്ററോളം വരുന്ന കനാല്‍ അടുത്തകാലത്ത് കോടികള്‍ ചെലവിട്ട് പുതുക്കി പണിതതും ഉദ്യോഗസ്ഥര്‍ അറിഞ്ഞമട്ടില്ല.
ഈ കനാലിലെ വെള്ളം തമിഴ്‌നാട് മാറ്റി കൊണ്ടുപോകുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് 1994ല്‍ നദീജല കരാറുകള്‍ സംബന്ധിച്ച് അഡ് ഹോക്ക് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 22 വര്‍ഷമായിട്ടും കേരളം യാതൊരു നടപടിയും എടുക്കാന്‍ തയാറായിട്ടില്ല.
ആളിയാറില്‍ വെള്ളമില്ലെന്ന് പറഞ്ഞു തമിഴ്‌നാട് വെള്ളം നിഷേധിക്കുന്ന അവസ്ഥവരെ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനം അടിയന്തരമായി ഇടപെടേണ്ട സമയം വൈകിയിരിക്കുകയാണ.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."