നമ്മുടെ അഭിമാനമാകാന്‍ പിഎ നൗഷാദ് ഓസ്‌ട്രേലിയയിലേക്ക്
കോഴിക്കോട്: ഈ മാസം 24ന് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കോഴിക്കോട് സ്വദേശിയും. പേരോട് എം.ഐ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനായ പി.എ. നൗഷാദാണ് 200 മീറ്റര്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്നത്. ജില്ല, സംസ്ഥാന മത്സരങ്ങളില്‍ റെക്കോര്‍ഡ് ഒന്നാം സ്ഥാനത്തെത്തിയാണ് പി.എ നൗഷാദ് ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയെ പ്രതിനിധികരിച്ച് പോകുന്നത്. 100ല്‍ അധികം രാജ്യങ്ങള്‍ മത്സരരംഗത്തുള്ള ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടാനുള്ള തീവ്രപരിശ്രമത്തിലാണ് ഈ അധ്യാപകന്‍.
വിദ്യാര്‍ഥികളുടെ സ്‌നേഹത്തെ ഒരു പ്രചോദനമായുള്‍ക്കൊണ്ട് ജീവിതവഴിയില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് ഈ അധ്യാപകന്‍. അധ്യാപക ജീവിതത്തിലെ ഓരോ ദിവസവും ഓരോ പുതിയ അനുഭവങ്ങളാണെന്നും വിദ്യാര്‍ഥികളുന്നയിക്കുന്ന പാഠപുസ്തകത്തിനകത്തുള്ളതും അല്ലാത്തവയുമായ സംശയങ്ങളെ പക്വതയോടെ നേരിടുന്നതും അവയ്ക്കുള്ള മറുപടികള്‍ അന്വേഷിച്ച് കണ്ടെത്തി നല്‍കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളും വൈജ്ഞാനിക മേഖലയിലെ മുന്നേറ്റത്തിനും സ്വയം മെച്ചപ്പെടുന്നതിലേക്കും കാരണമായതെന്ന് ഇദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ തന്റെ മുന്നില്‍ ഗുരുതുല്ല്യരായിത്തീരുന്ന അവസ്ഥകള്‍ ഉണ്ടാകാറുണ്ടെന്നും നൗഷാദ് പറയുന്നു.
കുട്ടികളുടെ മുന്നിലെത്തുമ്പോള്‍ അവരുടെ നിലവാരത്തിനനുസരിച്ച് സ്വന്തം മനസിനെ മാറ്റാന്‍ കഴിയുക, കുട്ടികളുടെ മനസ് വായിക്കാന്‍ കഴിയുക, കുട്ടികളെ ഒരുപാട് സ്‌നേഹിക്കുവാന്‍ കഴിയുക, കുട്ടികളുടെ സ്‌നേഹാദരവ് വേണ്ടുവോളം പിടിച്ചുപറ്റാന്‍ കഴിയുക തുടങ്ങിയ ഒത്തിരി നല്ല ഗുണങ്ങള്‍ പി.എ നൗഷാദിനുണ്ടെന്ന് സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
നേട്ടങ്ങളുടെ കൂട്ടുകാരന്‍
സോഷ്യല്‍ സയന്‍സ് അധ്യാപകനാണെങ്കിലും ഇംഗ്ലീഷ് കവിതകളെഴുതി അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച ഇദ്ദേഹം തന്റെ എഴുത്തിന്റെ പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി കാണുന്നത് വിദ്യാര്‍ഥികളുമായുള്ള സ്‌നേഹബന്ധത്തെയാണ്. വിദ്യാര്‍ഥികളുടെ ചോദ്യങ്ങളും സംശയങ്ങളും തന്നെയാണ് പലപ്പോഴും തന്റെ എഴുത്തിന്റെ അസംസ്‌കൃത വസ്തുക്കളായിത്തീരുന്നത് എന്നും നൗഷാദ് പറയുന്നു.
എലിസബത്ത് രാജ്ഞിയുടെ അനുമോദനം
2010 ല്‍ ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം പാലസിലെ എലിസബത്ത് രാജ്ഞിയില്‍ നിന്നുള്ള അനുമോദനക്കത്ത് ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വടകരയിലെ നോര്‍ത്ത് പാര്‍ക്കില്‍വച്ച് ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഡ്രീംസ് ആന്റ് ടിയേഴ്‌സ്, ടച്ച് ഓഫ് ദ്്‌സോള്‍, ബീംങ്ങ് ഇന്റു ഇന്‍ഫിനിറ്റി, ലവ് ആന്റ് ലവ് തുടങ്ങിയ ഇംഗ്ലീഷ് കവിതാസമാഹാര പുസ്തകങ്ങള്‍ പുറത്തിറക്കിയ ഇദ്ദേഹത്തിന് 2014 ല്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്കുള്ള അംഗീകാരമായ ഇന്ത്യന്‍ റൂമിനേഷന്‍സ് അവാര്‍ഡ് ലഭിച്ചിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിനുവേണ്ടിയുള്ള എലേന സ്‌റ്റേറ്റ് അവാര്‍ഡ് 2009 ല്‍ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. സ്‌പോര്‍ട്‌സിലും വളരെയധികം താല്‍പര്യം കാണിക്കുന്ന നൗഷാദ് വിദ്യാര്‍ഥികളോടൊപ്പം തന്നെ ഫുട്‌ബോള്‍, വോളിബോള്‍ എന്നിവ കളിക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തുവരുന്നു. അതോടൊപ്പം ഓട്ടമത്സര പരിശീലനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലകനായും അവരിലൊരാളായും നൗഷാദിനെ കാണാന്‍ കഴിയുന്നു.
അക്ബര്‍ കക്കട്ടിലിന്റെ തെരഞ്ഞെടുത്ത കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച നൗഷാദിന്റെ സെലക്റ്റഡ് സ്റ്റോറീസ് ഓഫ് അക്ബര്‍ കക്കട്ടില്‍ കഴിഞ്ഞ 18ന് കോഴിക്കോട് അളകാപുരിയില്‍വച്ച് വീരേന്ദ്രകുമാര്‍ എം.പി. പ്രകാശനം ചെയ്തു.
വിദേശങ്ങളിലും പ്രിയപ്പെട്ടവന്‍
ഇന്ത്യയില്‍ ഒരു സോഷ്യല്‍ സയന്‍സ് അധ്യാപകനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ പ്രവാസജീവിത കാലഘട്ടത്തില്‍ ചൈന, ഈജിപ്ത്, സോമാലിയ, അമേരിക്കന്‍ നാടുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥി സമൂഹത്തിന്റെ ഇംഗ്ലീഷ് ഗുരുനാഥനായി നൗഷാദ് പ്രവര്‍ത്തിച്ചിരുന്നു.
ആഗോളതലത്തിലെ ഈ വലിയ വിദ്യാര്‍ഥി സമൂഹവും അവരുടെ സ്‌നേഹ ബന്ധവുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്ന് എന്ന് നൗഷാദ് വിലയിരുത്തുന്നു.
നിരവധി അന്താരാഷ്ട്ര സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കുകയും ഇംഗ്ലീഷ് കവിതകള്‍ അവതരിപ്പിക്കുകയും വിദേശ എഴുത്തുകാരുമായി ബന്ധം സ്ഥാപിക്കുവാനും നൗഷാദിന് കഴിഞ്ഞിട്ടുണ്ട്.
നൗഷാദിന്റെ ഇംഗ്ലീഷ് കവിതകള്‍ നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള സ്‌കൂള്‍ കലോത്സവങ്ങളില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതകള്‍ വിദ്യാര്‍ഥികള്‍ ചൊല്ലുകയും ഉയര്‍ന്ന ഗ്രേഡുകള്‍ വാങ്ങുകയും ചെയ്തുവരുന്നു.
1971 ല്‍ പാതിരിപ്പറ്റയില്‍ പാറയുള്ളതില്‍ കുഞ്ഞമ്മദിന്റെയും ആസ്യയുടെയും മൂത്തമകനായാണ് പിഎ നൗഷാദിന്റെ ജനനം.
ഒരു ഗ്രാമപ്രദേശമായ പാതിരിപ്പറ്റയിലെ പാതിരിപ്പറ്റ യു.പി. സ്‌കൂളിലും നരിപ്പറ്റ ഹൈസ്‌കൂളിലുമായിരുന്നു നൗഷാദിന്റെ വിദ്യാഭ്യാസത്തിന്റെ തുടക്കം. (പൊതുമേഖലാ വിദ്യാലയത്തില്‍ മലയാളം മീഡിയത്തിലായിരുന്നു പഠനം) ഡിഗ്രി ഗവണ്‍മെന്റ് കോളേജ് മടപ്പള്ളിയിലും ബി.എഡ്. കേരള യൂണിവേഴ്‌സിറ്റിയിലുമായിരുന്നു.
ബാംഗ്ലൂരിലെ റീജ്യണല്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍വച്ച് ഋഘഠ കോഴ്‌സും, ഹൈദരാവാദിലെ ഇംഗ്ലീഷ് ലാന്‍ഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ച് നേഷണല്‍ ഇംഗ്ലീഷ് ലാന്‍ഗ്വേജ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കേന്ദ്ര മനുഷ്യവിഭവ വകുപ്പ് നടത്തുന്ന സി.സി.ആര്‍.ടി പരിപാടിയില്‍ ആസാമിലെ ഗുവഹാട്ടിയിലും മഹാരാഷ്ട്രയിലും പങ്കെടുത്തിട്ടുണ്ട്.
സ്വന്തമായി പഠിച്ചും വായിച്ചുമാണ് നൗഷാദ് ഇംഗ്ലീഷില്‍ പ്രാവീണ്യം നേടുന്നത്.
ഭാര്യ: റഹീമ. മക്കള്‍ അജ്‌സല്‍, അഫീഫ്.രണ്ടു പേരും കുന്നുമ്മല്‍ എം.എല്‍.പി. സ്‌കൂളില്‍ പഠിക്കുന്നു. അജ്‌സല്‍ നാലാം ക്ലാസിലും അഫീഫ് രണ്ടാം ക്ലാസിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."