ശരീഅത്ത് സംരക്ഷണം: സമസ്ത നേതൃസംഗമം 20ന് മലപ്പുറത്ത്
മലപ്പുറം: രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ശക്തമാകുന്നു. രാജ്യത്തിന്റെ മതേതര പൈതൃകം അവഗണിക്കുകയും ഫാസിസ്റ്റ് തന്ത്രങ്ങള്‍ക്ക് ഔദ്യോഗിക തലത്തില്‍ ശ്രമം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങളെ ഉദ്ബുദ്ധരാക്കുന്നതിനു വിവിധ കര്‍മ പരിപാടികള്‍ക്കാണു രൂപം നല്‍കുന്നത്. ഏകസിവില്‍കോഡിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു സമസ്ത നേതൃസംഗമം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മലപ്പുറത്തു വിവിധ പരിപാടികള്‍ നടക്കും.
ജില്ലയിലെ സമസ്തയുടെ മുഴുവന്‍ കീഴ്ഘടകങ്ങളുടേയും നേതൃത്വത്തില്‍ വിപുലമായ പ്രചരണ പരിപാടികള്‍ 20നു മലപ്പുറം സുന്നി മഹലില്‍ ചേരുന്ന നേതൃയോഗം പ്രഖ്യാപിക്കും. 20നു രാവിലെ പത്തിനു സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നേതൃസംഗമം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് പദ്ധതി പ്രഖ്യാപനം നടത്തും. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ അംഗങ്ങള്‍, സമസ്ത കേരളാ സുന്നീ മഹല്ല് ഫെഡറേഷന്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നേതൃസംഗമത്തില്‍ പങ്കെടുക്കണമെന്നു സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി.അബ്ദുല്ല മുസ്ലിയാരും ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്ലിയാരും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."