ശാന്തിനഗറില്‍ സി.പി.എം-ബി.ജെ.പി. സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരുക്ക്
കഠിനംകുളം: തുമ്പയ്ക്കടുത്ത് ശാന്തിനഗറില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
സി.ഐ.ടി.യു. പ്രവര്‍ത്തകനായ ശാന്തിനഗര്‍ സ്വദേശി കുമാര്‍, ബി.ജെ.പി. പ്രവര്‍ത്തകരായ ദിലീപ്, സന്തോഷ്, രാജേന്ദ്രന്‍, ഏണസ്റ്റ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ശാന്തിനഗറില്‍ ബി.ജെ.പിയുടെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു. സമീപത്തെ വീടുകള്‍ക്കു നേരെയും കല്ലേറുണ്ടായി.
സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രമോദ് കുമാര്‍, കഴക്കൂട്ടം സി.ഐ. അജയകുമാര്‍, മെഡിക്കല്‍കോളജ് സി.ഐ. ബിനുകുമാര്‍ എന്നിവരുടെനേതൃത്വത്തിലുള്ള വന്‍പൊലിസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.മേഖലയില്‍ നേരത്തേ തന്നെ സി.പി.എം ബി.ജെ.പി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."