വില്ലേജ് ഓഫിസ് പ്രവര്‍ത്തനക്ഷമമാക്കണം
എളേറ്റില്‍: മാസങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ച കച്ചേരിമുക്ക് വില്ലേജ് കെട്ടിടത്തിലേക്ക് ഓഫിസ് പ്രവര്‍ത്തനം മാറ്റണം എന്ന ആവശ്യം ശക്തമാവുന്നു. മുന്‍ എം.എല്‍.എ ഉമ്മര്‍ മാസ്റ്ററുടെ കാലയളവില്‍ അനുവദിച്ച 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
ഇപ്പോള്‍ കിഴക്കോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ താഴെ നിലയിലുള്ള ഗോഡൗണിന് സമീപത്തെ മുറിയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ബാങ്കില്‍ സംഭരിക്കുന്ന നാളികേരവും മറ്റും ഓഫിസിന് സമീപത്താണ് സൂക്ഷിക്കുന്നത്. ഓഫിസ് ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് ഇതുമൂലം പ്രയാസം അനുഭവിക്കുന്നത്.
പണി പൂര്‍ത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ജനങ്ങളുടെ ദുരിതമവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കച്ചേരിമുക്കില്‍ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഓഫിസ് മാറ്റാത്ത നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. അധികൃതര്‍ അനാസ്ഥ തുടരുന്ന പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് അര്‍ഷദ് കിഴക്കോത്ത് അധ്യക്ഷനായി. ഇഖ്ബാല്‍ കത്തമ്മല് ഉദ്ഘാടനം ചെയ്തു.വി.കെ.സൈദ്, വി.പി.അഷ്റഫ്, എന്‍.എം.റിയാസ് സംസാരിച്ചു.ജനറല്‍ സെക്രട്ടറി എന്‍.ജാഫര്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ എ.കെ.ഷമീര്‍ പറക്കുന്ന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."