ജലസേചന വകുപ്പിനെതിരേ ജനപ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം
മാള: കടുത്ത വേനല്‍ മുന്നില്‍കണ്ട് മാളയില്‍ ചേര്‍ന്ന ജലസേചന വകുപ്പ്, ജല അതോറിറ്റി അധികൃതരുടെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ജനപ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം. ജലനിധി പദ്ധതി മാളയില്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച് കുടിവെള്ളം വിതരണം ചെയ്യുമെന്ന് ഉറപ്പുനല്‍കിയിരുന്ന ജല അതോറിറ്റി ഇപ്പോള്‍ മലക്കംമറിയുകയാണെന്ന് ജനപ്രതിനിധികള്‍ ആരോപിച്ചു.
പമ്പിങ് നടത്താനുള്ള മോട്ടോര്‍ വാങ്ങുന്ന കാര്യം ജല അതോറിറ്റി ഇതുവരെ ആലോചിച്ചിട്ടില്ല. മോട്ടോര്‍ വാങ്ങാന്‍ കരാര്‍ ക്ഷണിക്കാനുള്ള പ്രാഥമിക നടപടികളും സ്വീകരിച്ചിട്ടില്ല. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഡിസംബറില്‍ വെള്ളം നല്‍കുമെന്ന് ഉറപ്പുനല്‍കിയത്. എന്നാല്‍ ഒന്നര കോടി രൂപയോളം വേണ്ടിവരുന്ന മോട്ടോര്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചെടുക്കണമെന്നും അതിനായി കരാര്‍ വിളിക്കാനും സ്ഥാപിക്കാനും മാസങ്ങള്‍ വേണ്ടിവരുമെന്നും ജല അതോറിറ്റി അധികൃതര്‍ യോഗത്തില്‍ അറിയിക്കുകയായിരുന്നു. ഇതോടെ ജല അതോറിറ്റി അധികൃതരുടെ നിലപാടിനെതിരേ എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്തുവരികയായിരുന്നു.
മോട്ടോര്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കാതെ അവസാനഘട്ടത്തില്‍ തടസവാദം ഉന്നയിക്കുന്നതു പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി മോട്ടോര്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
ഗുണഭോക്താക്കളായ ജനങ്ങളില്‍ നിന്നു പണംപിരിച്ചത് കൂടാതെ പഞ്ചായത്ത് ഫണ്ടുംകൂടി ചെലവഴിച്ചുകഴിഞ്ഞു. ഇപ്പോള്‍ ജല അതോറിറ്റി രണ്ടാഴ്ച കൂടുമ്പോഴാണ് പല മേഖലയിലും വെള്ളം നല്‍കുന്നത്. ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥയും രൂക്ഷമായ വിമര്‍ശനത്തിനിടയാക്കി. വര്‍ഷക്കാലത്തു പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ വൈകിപ്പിച്ച് വേനല്‍ വരെ എത്തിക്കുന്ന നടപടികള്‍ക്കെതിരേയും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കനാല്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മാത്രം വെള്ളം ലഭിക്കാത്ത വിഷയവുമ യോഗത്തില്‍ ഉന്നയിച്ചു. എല്ലാ പണികളും പൂര്‍ത്തിയാക്കി പദ്ധതിക്ക് അനുവദിച്ച മുഴുവന്‍ ഫണ്ടും ചെലവഴിച്ചിട്ടും ഒരു തുള്ളി വെള്ളംപോലും ലഭിക്കാത്ത പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി മംഗലംകുളം ജലസേചന പദ്ധതിയുടെ അവസ്ഥയും ജലസേചന വകുപ്പിനെതിരേയുള്ള ആരോപണങ്ങള്‍ക്ക് വഴിയൊരുക്കി.
1997ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി പണം മുഴുവന്‍ ചെലവഴിച്ച ശേഷം ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചുവെന്നും അന്നത്തെ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും യോഗത്തില്‍ പങ്കെടുത്ത ജലസേചന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വേനല്‍കാലം കണക്കിലെടുത്ത് ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കാനും ചാലക്കുടി പുഴയില്‍ തടയണ നിര്‍മിക്കുന്നത് സംബന്ധിച്ച് സാധ്യതകള്‍ പരിശോധിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. യോഗത്തില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ സുകുമാരന്‍ മാള, ടി.എന്‍ രാധാകൃഷ്ണന്‍ കുഴൂര്‍, ടെസ്സി ടൈറ്റസ് അന്നമനട, പി. ശാന്താകുമാരി പൊയ്യ, ജലസേജന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."