ഐ.എസ് നിയന്ത്രണത്തിലുള്ള പ്രദേശം വിമതസേന പിടിച്ചെടുത്തു
തുര്‍ക്കി സഹായത്തോടെ പിടിച്ചെടുത്തത് ദാബിഖ്
ദമസ്കസ്: തുര്‍ക്കി സൈന്യത്തിന്റെ പിന്തുണയോടെ സിറിയന്‍ വിമതര്‍ ഐ.എസില്‍ നിന്ന് ദാബിഖ് പ്രദേശം മോചിപ്പിച്ചു. വടക്കന്‍ സിറിയയിലെ പ്രധാനടൗണാണ് ദാബിഖ്. ഒരു മാസമായി തുടരുന്ന കനത്ത ഷെല്ലാക്രമണത്തിനും വ്യോമാക്രമണത്തിനും പിന്നാലെയാണ് നഗരം പിടിച്ചെടുത്തതെന്ന് വിമതസേന വ്യക്തമാക്കി.
ഇന്നലെ നടന്ന കനത്ത ആക്രമണത്തിനു പിന്നാലെയാണ് നഗരത്തില്‍ നിന്ന് ഐ.എസിനെ തുരത്തിയത്. ഐ.എസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഈ പ്രദേശം. തുര്‍ക്കി- സിറിയ അതിര്‍ത്തിയിലെ ഗസിന്ദപ് മേഖലയ്ക്കടുത്താണ് ദാബിഖ്. ഗസിന്ദപില് ഈയിടെ ഐ.എസ് ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് സിറിയയില്‍ ഐ.എസിനെതിരേ തുര്‍ക്കി വ്യോമാക്രമണം നടത്താന്‍ തുടങ്ങിയത്. വിമത സൈന്യത്തിന്റെ പിന്തുണയോടെയാണ് ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി ആക്രമണം നടത്തുന്നത്.
എന്നാല്‍ അതിര്‍ത്തി കടന്ന് തുര്‍ക്കി നടത്തുന്ന ആക്രമണത്തെ സിറിയ എതിര്‍ത്തിരുന്നു. ദാബിഖ് പിടിച്ചെടുത്ത വിവരം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് അറിയിച്ചത്. തുര്‍ക്കിയിലെ 30 ലക്ഷം അഭയാര്‍ഥികള്‍ക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."