സ്വകാര്യതവേണമെന്ന ഭാര്യയുടെ ആവശ്യം വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് കോടതി
ന്യൂഡല്‍ഹി: ഭര്‍തൃവീട്ടില്‍ സ്വകാര്യത വേണമെന്നു സ്ത്രീകള്‍ ആവശ്യപ്പെടുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയല്ലെന്നും അതു വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും ഡല്‍ഹി ഹൈക്കോടതി. വ്യക്തികളുടെ സ്വകാര്യത മൗലികാവകാശങ്ങളില്‍പ്പെട്ടതാണ്. ഒക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ സ്വകാര്യതയെ വിശദീകരിക്കുന്നത് 'ഒരുവ്യക്തിയെ ആരെങ്കിലും നിരീക്ഷിക്കാതിരിക്കുകയും ശല്യംചെയ്യാതിരിക്കുകയും ചെയ്യുന്ന അവസ്ഥ' എന്നാണ്. സ്ത്രീകള്‍ക്ക് സ്വകാര്യത അനുവദിച്ചുകൊടുക്കുന്നത് ഭര്‍തൃവീട്ടുകാരുടെ കടമയാണ്. അതാവശ്യപ്പെടുന്നത് ക്രൂരതയായി കാണാനാവില്ലെന്നും ജസ്റ്റിസുമാരായ രവീന്ദ്രഭട്ടും ദീപാ ശര്‍മയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഡല്‍ഹി സ്വദേശിയുടെ ഹരജി തള്ളിയാണ് കോടതിയുടെ നടപടി. നേരത്തെ ഇദ്ദേഹത്തിന്റെ ആവശ്യം കീഴ്‌ക്കോടതിയും തള്ളിയിരുന്നു. ഈ ഉത്തരവു ചോദ്യംചെയ്താണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
സ്വകാര്യതവേണമെന്നാവശ്യപ്പെട്ട് ഭാര്യ തുടര്‍ച്ചയായി ശല്യംചെയ്യുന്നതിനു പുറമെ, ഒരിക്കലും ഒരു മടക്കത്തിന് അവസരമില്ലാത്ത വിധത്തില്‍ 12 വര്‍ഷം വേര്‍പിരിഞ്ഞുകഴിയുകയാണെന്നും അതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം കോടതി പരിഗണിച്ചില്ല. ഒരിക്കലും ഒത്തുപോവില്ലെന്ന് ഉറപ്പുള്ള ബന്ധങ്ങള്‍ വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് സുപ്രിംകോടതി 2006ല്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും ഇതുവരെ നിയമത്തില്‍ ഭേദഗതിയായി ചേര്‍ത്തിട്ടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
അതിനാല്‍ ഈ ബന്ധംവേര്‍പ്പെടുത്താന്‍ കോടതിക്കു കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. തനിക്കായി പ്രത്യേക വീടുവേണമെന്ന യുവതിയുടെ ആവശ്യം യുക്തിസഹമാണെന്ന കീഴ്‌ക്കോടതിയുടെ നിരീക്ഷണം ഹൈക്കോടതി ശരിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."