സംസ്ഥാനത്തെ ഒ.ബി.സി ലിസ്റ്റില്‍ ഭേദഗതികള്‍ വരുത്തും: കമ്മിഷന്‍
കൊച്ചി: സംസ്ഥാനത്തെ ഒ.ബി.സി ലിസ്റ്റില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്ന് പിന്നോക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി ശിവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സംവരണ ആനുകൂല്യങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. അതുകൊണ്ടുതന്നെ അര്‍ഹരായ പലര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുളളത്. ശമ്പള വരുമാനവും കാര്‍ഷിക വരുമാനവും സംവരണ ആനുകൂല്യങ്ങള്‍ക്ക് തടസമല്ല. എന്നാല്‍ ഇത് സംവരണ വിഭാഗങ്ങള്‍ക്ക് അറിയില്ല.
വിദ്യാഭ്യാസ കാര്യങ്ങളില്‍ 1965 ല്‍ രൂപീകൃതമായ ജസ്റ്റിസ് കുമാരപിളള കമ്മിഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോഴും അനുവര്‍ത്തിക്കുന്നത്. ഇതില്‍ കാലാനുവര്‍ത്തിയായി വരുമാനത്തില്‍ ഏറ്റകുറച്ചില്‍ വരുത്തുകയാണ് പതിവ്. കേന്ദ്ര സര്‍ക്കാര്‍ പട്ടികയില്‍ മാത്രമുളള മേല്‍ത്തട്ട് നിര്‍ണയം കേരളത്തിലും ബാധകമാണ്. മണ്ഡല്‍ കേസില്‍ സുപ്രിംകോടതിയുടെ വിധിന്യായത്തില്‍ മറ്റു പിന്നോക്ക സമുദായങ്ങളിലെ മേല്‍ത്തട്ടിനെ ഒഴിവാക്കുന്നതിന് നിര്‍ദേശിച്ചിരുന്നു. ഇത് ഉദ്യോഗ കാര്യങ്ങളില്‍ മാത്രമായിരുന്നു. പിന്നീട് വിദ്യാഭ്യാസ സംവരണത്തിനും മേല്‍ത്തട്ട് ബാധകമാക്കി.
പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ഭരണഘടനയുടെ 11 ാം വകുപ്പ് പ്രകാരം ഒ.ബി.സി ലിസ്റ്റ് പുതുക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റേറ്റ് ഒ.ബി. സി ലിസ്റ്റും എസ്.ഇ.ബി.സി ലിസ്റ്റും പുനഃപരിശോധിക്കാന്‍ കമ്മിഷന്‍ ഒരുങ്ങുന്നത്.
ഒ.ബി.സി പട്ടികയിലുളള എല്ലാ വിഭാഗങ്ങളും സോഷ്യലി ആന്‍ഡ് എജ്യുക്കേഷനലി ബാക്ക്‌വേര്‍ഡ് ക്ലാസ് (എസ്.ഇ.ബി.സി) പട്ടികയില്‍ ഇല്ലാത്തത് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നുണ്ട്. ഈ രണ്ടു പട്ടികയിലും ജാതി പേര്‍ രേഖപ്പെടുത്തിയതില്‍ വരുത്തിയ സാങ്കേതിക പിഴവും സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമാകുന്നുണ്ട്. കേരളത്തില്‍ ഉദ്യോഗസംബന്ധമായി ഒരു ലിസ്റ്റും വിദ്യാഭ്യാസ സംബന്ധമായി മറ്റൊരു ലിസ്റ്റും ആവശ്യമില്ലെന്ന തിരിച്ചറിവാണ് കമ്മിഷനെ ഇത്തരത്തിലൊരു ഭേദഗതിക്ക് പ്രേരിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവേശനത്തിനും ഒരു പട്ടികമാത്രമാണുളളത്. ഭരണഘടന പ്രകാരം പ്രത്യേക പട്ടിക ആവശ്യമില്ലെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ജാതി അടിസ്ഥാനപ്പെടുത്തിയുളള റിപ്പോര്‍ട്ട് സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജാതി അധിഷ്ഠിതമായ സാമൂഹിക - സാമ്പത്തിക വിദ്യാഭ്യാസ സര്‍വെ റിപ്പോര്‍ട്ട്, പ്രത്യേക ജാതി പട്ടിക എന്നിവ സര്‍ക്കാരിന്റെ കൈവശമില്ലെന്നാണ് അറിയുന്നത്.
സംവരണ ആനൂകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങളെ കുറിച്ചും ഉദ്യോഗ മേഖലയില്‍ സംവരണ ആനൂകൂല്യങ്ങള്‍ ലഭിച്ചിട്ടുള്ളവരുടെയും പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച് സുതാര്യത ഉറപ്പിക്കാന്‍ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ ആരംഭിക്കാന്‍ കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ ഏജന്‍സിയായ സ്പാര്‍ക്കിന്റെയും സി ഡിറ്റിന്റെയും സഹായം തേടിയിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്കകം പോര്‍ട്ടല്‍ സജ്ജമാകുമെന്നും കമ്മിഷന്‍ അറിയിച്ചു. കമ്മിഷന്‍ അംഗം അഡ്വ. വി എ ജറോമും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."