കരിങ്ങാച്ചിറ ബ്രിഡ്ജിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് നശിക്കുന്നു
പുത്തന്‍ചിറ: നിര്‍മാണം പാതിയില്‍ നിലച്ച കരിങ്ങിച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണിത പല ഭാഗങ്ങളിലെയും കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം നശിക്കുന്നു. എം സാന്റും സിമന്റും ഇളകിപോയിട്ട് മെറ്റല്‍ തുറിച്ച്‌നില്‍ക്കുന്ന അവസ്ഥയിലാണ്. പാലം നിര്‍മാണത്തിന് ഉപയോഗിച്ച സിമന്റും എം സാന്റും നിലവാരം കുറഞ്ഞതായതിനാലും ആവശ്യമായ അളവില്‍ നിര്‍മാണ മെറ്റീരിയല്‍ ഉയോഗിക്കാത്തതിനാലുമാണ് ഇത്തരത്തില്‍ നിര്‍മാണം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോണ്‍ക്രീറ്റ് അടരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരത്തിലുള്ള പാലത്തിന്റെ ബാക്കി പണി നടത്തിയാല്‍ തന്നെ പാലം എത്ര കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വ്യാപകമാണ്. നിര്‍മാണോദ്ഘാടനം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തികരിക്കാത്ത കോണ്‍ട്രാക്ടറുടെ അനാസ്ഥ ക്കെതിരെയും നിര്‍മാണത്തിലെ അപാകതക്കെതിരെയും നാട്ടുകാര്‍ നിയമ നടപടികൊരുങ്ങുകയാണ്.
2011 ഫെബ്രുവരി 13 നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.വിജയകുമാര്‍ കരിങ്ങാച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം നര്‍വഹിച്ചത്. ആദ്യം വേഗത്തില്‍ നടന്ന പാലം പണി പിന്നീട് പതുക്കെയായി ക്രമേണ നിലച്ചു. മുന്‍ എം.എല്‍.എ, ടി.എന്‍ പ്രതാപനും പിന്നീട് യൂത്ത് കോണ്‍ഗ്രസും കരാറുകാരന്റെ നിരുത്തരവാദിത്വത്തില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങിയിരുന്നു. അപ്പോള്‍ തല്‍ക്കാലം പണി തുടങ്ങുകയും ഏതാനും ദിവങ്ങള്‍ക്കകം പണി നിര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ പാലം പണി നിലച്ചിട്ട് ആറുമാസത്തിലേറെയായി. പാലത്തിന്റെ വശങ്ങളിലും റോഡിലും കാട് കയറിയിരിക്കുകയാണ്. നൂറുകണക്കിന് ഏക്കറിലെ നെല്‍കൃഷിയെ ഉപ്പുവെള്ള ഭീഷണിയില്‍ നിന്ന് രക്ഷിക്കുന്നതിനും മാള പുത്തന്‍ചിറ റോഡിലെ ഗതാഗതം സുഗമമാക്കുന്നതാനുമായിട്ടാണ് ഈ റഗുലേറ്റര്‍ കം ബ്രാഡ്ജിന്റെ നിര്‍മാണം തുടങ്ങിയത്. ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിക്കപ്പെട്ട നിലവിലുള്ള ഇടുങ്ങിയ പാലം കാലപഴക്കത്താല്‍ ബലക്ഷയത്തിലാണ്. പാലം നിര്‍മാണം അനിശ്ചിതമായി നീളുന്നതിനാല്‍ അനുബന്ധ റോഡുകളുടെ പുനര്‍നിര്‍മാണവും വൈകുകയാണ്. റോഡിനായി ഏറ്റെടുക്കുന്ന അടുത്തുള്ള പള്ളിയുടെ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."