സംഘര്‍ഷത്തില്‍ പരുക്കേറ്റയാളെ അറസ്റ്റ് ചെയ്തത് വിവാദമായി
വടകര: മയ്യന്നൂരില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരുക്ക്പറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയ യുവാവിനെ അറസ്റ്റു ചെയ്ത പൊലിസ് നടപടി വിവാദത്തിന് കാരണമായി.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുരിക്കിലാട് അത്തോളി ഹൗസില്‍ അഫ്രിദിനെ(22)യാണ് വടകര പൊലിസ് ഹോസ്പിറ്റലിലെത്തി അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ എത്തി നിരന്തരം സമ്മര്‍ദ്ദം ചെലുത്തി പൊലീസ് ഡിസ്ചാര്‍ജ്ജ് ചെയ്യിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് അഫ്രിദിന് മയ്യന്നൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്ക് പറ്റിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. കാലിന്റെ എല്ല് പൊട്ടി സ്ഥാനം തെറ്റിയതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഒന്നര മാസത്തെ വിശ്രമവും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിന് മുന്‍പ് തന്നെ പൊലിസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
ആംബുലന്‍സ് കൊണ്ടുവന്നാണ് പൊലിസ് അഫ്രിദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനു മുന്പില് ആംബുലന്‍സില്‍ കിടത്തി. ആംബുലന്‍സില്‍ നിന്നും ഇറക്കി സ്റ്റേഷനിലേക്ക് കൊണ്ടു വന്നപ്പോള്‍ അവശനിലയിലായിരുന്നു അഫ്രിദ്. സ്റ്റേഷനിലുള്ളില്‍ വച്ച് ചര്ദ്ധിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതിനാല്‍ പൊലിസ് അഞ്ചു മണിയോടെ അഫ്രിദിനെ വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.അതേസമയം പരുക്ക് പറ്റിയയാളെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത പൊലിസ് നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായി. സംഭവത്തില്‍ കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ്് പി.പി റഷീദ്, ജനറല്‍ സെക്രട്ടറി എം.പി ഷാജഹാന്, ട്രഷറര്‍ എഫ്.എം മുനീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."