കടവരാന്തകള്‍ ഉപേക്ഷിച്ച് , തകര്‍ന്ന വീട്ടിലേക്ക് ഡാളി മടങ്ങിയെത്തി
നെയ്യാറ്റിന്‍കര: നെയ്യാറിലെ മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി, കടവരാന്തകളില്‍ അന്തിയുറങ്ങേണ്ടി വന്ന ഡാളിയെന്ന വയോധിക ഇന്നലെ ഓലത്താന്നിയിലുളള തന്റെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ താമസത്തിനെത്തി.
താന്‍ മരിക്കാന്‍ തയാറാണെന്നും മരിച്ചാല്‍ അത് തന്റെ സ്വന്തം മണ്ണിന്‍ കിടന്നായിരിക്കുമെന്നും പല വാതിലുകള്‍ മുട്ടിയെങ്കിലും റവന്യൂ അധികൃതരും ഭരണാധികാരികളും തന്നെ കൈ ഒഴിയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് വീട്ടിലേക്ക് താമസത്തിനെത്തിയെങ്കിലും നെയ്യാറിനു കുറുകെ വീട്ടിലേക്കുള്ള വഴി തകര്‍ന്ന സ്ഥിതിയിലായതിനാല്‍ തിരികെ പോവുകയായിരുന്നു. സമീപത്തുളള പല വീടുകളിലും കടവരാന്തകളിലുമായിരുന്നു ഇത്രയും നാള്‍ കഴിച്ചുകൂട്ടിയത്.
നെയ്യാറ്റിന്‍കര നഗരസഭയിലെ ഓലത്താന്നി വാര്‍ഡ് കൗണ്‍സിലര്‍ സുനിതയുടെ സഹായത്തോടെയാണ് ഡാളി സ്വന്തം ഭവനത്തില്‍ തിരിച്ചെത്തിയത്. പെന്‍ഷന്‍ ലഭിച്ച തുകയും മരങ്ങള്‍ വിറ്റു സ്വരൂപിച്ച പണവും ഉപയോഗിച്ച് നെയ്യാറിനു കുറുകെ തടി ഉപയോഗിച്ച് താല്‍കാലിക പാലം നിര്‍മിച്ചു. ഇവരുടെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ വൈദ്യുതി പോലുമില്ല.
മൂന്ന് വര്‍ഷം മുന്‍പ് ഒരു ഇടവപ്പാതി മഴയത്ത് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ വഴി തകര്‍ന്നത്. ഒപ്പം വീടിന്റെ പല ഭാഗങ്ങളും തകര്‍ന്നു. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഡാളിയെ അവിടെ നിന്നും തിരുവനന്തപുരത്തുളള ഒരു അതിഥി മന്ദിരത്തില്‍ എത്തിച്ച ശേഷം അധികൃതര്‍ തലയൂരി. മാസങ്ങള്‍ക്ക് ശേഷം നെയ്യാറ്റിന്‍കരയില്‍ തിരിച്ചെത്തിയ ഡാളി മുട്ടാത്ത വതിലുകളില്ല. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മണലൂറ്റിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാളിയ്ക്ക് വീട്ടിലേയ്ക്ക് കയറുന്നതിനുളള വഴിയോ താമസിക്കാനുളള സൗകര്യമോ തരപ്പെടുത്തി കൊടുക്കാന്‍ അധികൃതര്‍ക്കായില്ല.
വിധവയായ ഡാളിയ്ക്ക് മക്കളോ ബന്ധുക്കളോയില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയൂര്‍വേദ ആശുപത്രിയിലെ ചെറിയ ഒരു ജോലിയില്‍ നിന്നും വിരമിച്ച ശേഷം മാസം കിട്ടുന്ന തുച്ഛമായ പെന്‍ഷന്‍ തുക മാത്രമാണ് ആശ്രയം.
നെയ്യാറിലെ മണലൂറ്റിന് കുറച്ചെങ്കിലും തടയിടാന്‍ കഴിഞ്ഞത് ഈ വയോധികയുടെ ധീരമായ ചെറുത്തുനില്‍പിലൂടെയായിരുന്നു. പക്ഷേ, മണലൂറ്റ് കാരണമുണ്ടായ വെള്ളപ്പൊക്കത്തില്‍ നഷ്ടങ്ങളുണ്ടായ ഇവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തയാറായില്ല. ഇനിയെങ്ങോട്ടുമില്ല. എനിക്കെന്റെ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കണം.കരഞ്ഞ് കൊണ്ട് ഡാളിയമ്മൂമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."