പഞ്ചായത്ത് ഡയരക്ടര്‍ സെക്രട്ടറിയോട് വിശദീകരണം തേടി
ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്റിലെ അനധികൃത കൂടാര നിര്‍മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയരക്ടര്‍ സെക്രട്ടറിയോട് വിശദീകരണം തേടി. ബസ് സ്റ്റാന്റിലെ അനധികൃത നിര്‍മാണത്തിനെതിരേ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് മന്ത്രി കെ.ടി ജലീല്‍ തുറന്നു കൊടുത്ത ബസ് സ്റ്റാന്റില്‍ ചുമട്ടു തൊഴിലാളികള്‍ വിശ്രമ കേന്ദ്രം പണിതതാണ് പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും ഇടയാക്കിയത്. അനധികൃത നിര്‍മാണത്തിനെതിരേ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും, ദലിത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സജീവന് മടിവയല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. കൂടാരം പൊളിച്ചു നീക്കാന്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് നാളെ മുതല്‍ പഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും സജീവന് മടിവയല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ വരുന്ന ശനിയാഴ്ചക്കകം ഉചിതമായ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്ന് സമരം മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 ന് രാത്രിയിലാണ് ബസ് സ്റ്റാറിന്റെ തെക്ക് ഭാഗത്തായി കൂടാരം ഉയര്‍ന്നത്.
ഏതായാലും ശനിയാഴ്ചയ്ക്കകം പഞ്ചായത്ത് സെക്രട്ടറി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."