യമനില്‍ 72 മണിക്കൂര്‍ താല്‍കാലിക വെടിനിര്‍ത്തല്‍ ഇന്ന് അര്‍ദ്ധ രാത്രിയോടെ നിലവില്‍ വരും
റിയാദ്: സംഘര്‍ഷം രൂക്ഷമായ യമനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി താത്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വരും. 72 മണിക്കൂര്‍ താല്‍കാലിക വെടിനിര്‍ത്തലിന് ഇരു വിഭാഗങ്ങളും തയ്യാറായതായി യമനിലെ യുഎന്‍ സമാധാന ദൂതന്‍ ഇസ്മായില്‍ ഓല്‍ദ് ശൈഖ് അഹ്മദ് പറഞ്ഞു.
യമന്റെ താല്‍കാലിക പുനരധിവാസ പ്രവര്‍ത്തനത്തിന് സഹായകമാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്യുന്നതായും ദൂതന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച അര്‍ദ്ധരാത്രി പ്രാദേശിക സമയം 11:59 മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ യമനിലെ എല്ലാ കക്ഷികളും തയ്യാറായതായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധ മേഖലയിലെ മുഖ്യ കക്ഷിയായ ഹൂത്തികള്‍ തയ്യാറാണെങ്കില്‍ സമാധാന കരാര്‍ നടപ്പിലാക്കാന്‍ ഒരുക്കമാണെന് കഴിഞ്ഞ ദിവസം ലണ്ടനില്‍ വെച്ച് സഊദി അറേബ്യന്‍ വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കിയിരുന്നു.
സമാധാന വെടി നിര്‍ത്തല്‍ കരാറിന് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മുന്‍ കാലങ്ങളില്‍ നടന്നിരുന്ന സമാധാന വെടി നിര്‍ത്തല്‍ കരാറുകള്‍ പൊളിഞ്ഞതിനു പിന്നില്‍ ഹൂത്തികളായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, യമനിലെ സമാധാന വെടിനിര്‍ത്തല്‍ കരാറിനെ സഊദി മന്ത്രിസഭ സ്വാഗതം ചെയ്തു.
അതിനിടെ, ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഹൂത്തികളുടെ സമുന്നതരായ രണ്ട് നേതാക്കള്‍ കൊല്ലപ്പെട്ടു. ഹൂത്തി വിഭാഗ ഉന്നത കമാണ്ടറും വാര്‍ത്താ വിഭാഗ തലവനുമായ കേണല്‍ അഹമ്മദ് അബ്ദു റഹ്മാനും മറ്റൊരു ലീഡര്‍ അബ്ദുല്‍ ഖാലിഖ് അല്‍ കര്‍മൂച്ചി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് യമന്‍ അധികൃതരെ ഉദ്ദരിച്ചു അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ ഭാഗത്തെ സാദ പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ വാര്‍ത്താ വിഭാഗ തലവന്റെ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ, സാദ പ്രവിശ്യയിലെ പ്രധാന മാര്‍ക്കറ്റിലെ സൈനിക ക്യാംപും യമന്‍ സേന തിരിച്ചു പിടിച്ചതായും മാധ്യമ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."