കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ ഈ സഹനസമരം
തിരുവനന്തപുരം: കേള്‍ക്കാനോ പറയാനോ ഇവര്‍ക്കു കഴിയില്ല. ആശയവിനിമയമാകട്ടെ ആംഗ്യഭാഷയില്‍. തങ്ങളും മനുഷ്യരാണെന്നു പൊതുസമൂഹം അറിയണമെന്നും ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ അധികാരികള്‍ കനിയണമെന്നും മാത്രമേ ഇവര്‍ക്ക് ആഗ്രഹമുള്ളൂ. അതിനുള്ള അവസാന മാര്‍ഗമായാണു കണ്ണും കാതുമുള്ളവരുടെ സഹായത്തിനായി സഹനസമരവുമായി തെരുവിലിറങ്ങിയത്.
നാളുകളായി അനുഭവിച്ചുവരുന്ന അവഗണനക്കും ഒറ്റപ്പെടുത്തലിനുമെതിരേ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നടയില്‍ ഇവര്‍ നടത്തിയ സമരം വേറിട്ടതായി. വികലാംഗരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അവഗണനയും വേര്‍തിരിവും അനുഭവിക്കുന്ന ബധിര-മൂകരായ നൂറുകണക്കിനു ഹതഭാഗ്യരാണ് ഒരിറ്റു കാരുണ്യത്തിനായി സെക്രട്ടേറിയറ്റ് നടയില്‍ ഒത്തുകൂടിയത്. മുദ്രാവാക്യവും സംഘര്‍ഷവും കണ്ണീര്‍വാതകവും ലാത്തിയടിയും കണ്ടുശീലിച്ചവര്‍ക്ക് ഇങ്ങനെയൊരു സമരം കൗതുകവുമായി.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനുപേര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു. ആവശ്യങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തി അവര്‍ തങ്ങളുടെ ആവശ്യങ്ങളും പരാധീനതകളും ആംഗ്യഭാഷയില്‍ അവതരിപ്പിച്ചതു പുതുമയായി. നിരാലംബരുടേയും നിരാശ്രയരുടേയും അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ പ്രതികരിക്കാനും ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുമായി ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ഡഫ് ആന്‍ഡ് ഡംഫിന്റെ (എ.കെ.എഫ്.ഡി) ആഭിമുഖ്യത്തിലാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. ധര്‍ണ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബധിര-മൂകര്‍ക്ക് അവകാശപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനാ പ്രസിഡന്റ് ഡി.രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സജിത് സുരേന്ദ്രന്‍, ചെയര്‍മാന്‍ ബേബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."